മോദിയെ ഇറക്കി മോഡികൂട്ടാന്‍ ബിജെപി: ശബരിമലയെ ആയുധമാക്കും; ലക്ഷ്യം തിരഞ്ഞെടുപ്പ്

സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന എന്‍എസ്എസ് നേതൃത്വവുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചക്ക് ബിജെപി സംസ്ഥാനഘടകം ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. മോദിയുമായി കൂടിക്കാഴ്ചയ്ക്ക് താല്‍പര്യമില്ലെന്ന് എന്‍എസ്എസ് നേതൃത്വം അറിയിച്ചെന്നാണ് സൂചന. 21ന് ദേശീയ അധ്യക്ഷന്‍ അമിത്ഷാ എത്തുമ്പോഴും മോദി വീണ്ടുമെത്തുന്ന 27നും കൂടിക്കാഴ്ചക്ക് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ട്. ദേശീയ അധ്യക്ഷന്‍ എത്തുന്നതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കും പാര്‍ട്ടി കടക്കും.

Update: 2019-01-15 05:24 GMT

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു കേരളത്തിലെത്തുന്നതോടെ സംസ്ഥാനത്ത് ബിജെപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനും തുടക്കമാവും. പ്രളയ- ശബരിമല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ നിലപാട് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. അതേസമയം, ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന എന്‍എസ്എസ് നേതൃത്വവുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചക്ക് ബിജെപി സംസ്ഥാനഘടകം ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. മോദിയുമായി കൂടിക്കാഴ്ചയ്ക്ക് താല്‍പര്യമില്ലെന്ന് എന്‍എസ്എസ് നേതൃത്വം അറിയിച്ചെന്നാണ് സൂചന.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കുശേഷം പരസ്യപ്രതികരണത്തിനു മുതിരാതിരുന്ന പ്രധാനമന്ത്രിയില്‍ നിന്നും ഇന്ന് സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നാണ് ബിജെപി സംസ്ഥാനഘടകം പ്രതീക്ഷിക്കുന്നത്. നിലവില്‍ സെക്രട്ടേറിയറ്റ് ഉപരോധം ഉള്‍പ്പെടെയുള്ള ബിജെപിയുടെ സമരതന്ത്രങ്ങളുടെ മുനയൊടിഞ്ഞ പശ്ചാത്തലത്തില്‍ മോദിയിലൂടെ പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുകയാണ് സംസ്ഥാനനേതൃത്വം ലക്ഷ്യമിടുന്നത്. മോദിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി തന്നെ ശബരിമല കര്‍മസമിതിയുടെ നേതാക്കള്‍ ഡല്‍ഹിയിലെത്തി ആര്‍എസ്എസ് നേതൃത്വം വഴി കേരളത്തിലെ വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസിനെ ധരിപ്പിച്ചിട്ടുണ്ട്. ഇന്നു പ്രധാനമന്ത്രി ബിജെപി നേതാക്കളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തില്ലെങ്കിലും പൊതുസമ്മേളനവേദിയില്‍ വച്ച് നേതാക്കളുമായി ആശയവിനിമയം നടത്തും.

കൊല്ലം പീരങ്കി മൈതാനത്തു വൈകീട്ട് ആറിന് മോദി പങ്കെടുക്കുന്ന പ്രവര്‍ത്തക സംഗമം ശക്തിപ്രകടനമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണു ബിജെപി. കൊല്ലം, ആലപ്പുഴ, മാവേലിക്കര ലോക്‌സഭാ മണ്ഡലങ്ങളിലെ ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കും. 27നു പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നുണ്ട്. ശബരിമല വിഷയം സജീവമാക്കി നിലനിര്‍ത്തി പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളെ കേരളത്തിലെത്തിച്ച് തിരഞ്ഞെടുപ്പില്‍ മുതലെടുപ്പ് നടത്താനാണ് ബിജെപിയുടെ നീക്കം. ഈമാസം 27ന് തൃശൂരില്‍ യുവമോര്‍ച്ചയുടെ സമ്മേളനത്തിന്റെ സമാപനത്തിലും മോദി പങ്കെടുക്കും. കൂടാതെ ശബരിമല വിഷയത്തില്‍ 18ന് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം ദേശീയനേതാക്കളെ പങ്കെടുപ്പിച്ച് വിപുലമായി നടത്താനാണ് ബിജെപിയുടെ നീക്കം. ഇതിനായി ശബരിമല കര്‍മ്മസമിതിയുടേയും ആര്‍എസ്എസിന്റേയും പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. വന്‍ ജനപങ്കാളിത്തം ഉറപ്പാക്കി ശക്തിപ്രകടനം നടത്താനാണ് നീക്കം. ഇതിനുപിന്നാലെ ഈമാസം 21ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തും.

വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സജീവമാക്കി നിര്‍ത്തി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്ന വിശ്വാസത്തിലാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. എന്‍എസ്എസിനെ ഒപ്പം നിര്‍ത്തി മുതലെടുപ്പ് നടത്താനും ബിജെപി കരുക്കള്‍ നീക്കുന്നുണ്ട്. ഇന്ന് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്കില്ലെന്ന് എന്‍എസ്എസ് അറിയിച്ചതോടെ 21ന് ദേശീയ അധ്യക്ഷന്‍ അമിത്ഷാ എത്തുമ്പോഴും മോദി വീണ്ടുമെത്തുന്ന 27നും കൂടിക്കാഴ്ചക്ക് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ട്. ദേശീയ അധ്യക്ഷന്‍ എത്തുന്നതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കും പാര്‍ട്ടി കടക്കും. 20 മണ്ഡലങ്ങളില്‍ ഏറ്റവും പ്രതീക്ഷയുള്ള തിരുവനന്തപുരം ഉള്‍പ്പടെയുള്ള നാലിടത്ത് ജനകീയ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Tags:    

Similar News