മരടിലെ ഫ്‌ളാറ്റ് നിര്‍മാണ കേസ്: ആല്‍ഫ വെഞ്ചേഴ്‌സ് ഡയറക്ടര്‍ പോള്‍ രാജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് കൗസര്‍ എടപ്പഗത്താണ് ജാമ്യാപേക്ഷ തളളിയത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് അറസ്റ്റില്‍ നിന്നു ഒഴിവായി കിട്ടുന്നതിനാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മിഷന്‍ മുമ്പാകെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഹരജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു

Update: 2019-10-22 13:24 GMT

കൊച്ചി: മരട് ഫ്‌ളാറ്റ് നിര്‍മാണ കേസില്‍ നിര്‍മ്മാതാവ് ആല്‍ഫ വെഞ്ചേഴ്‌സ് ഡയറക്ടര്‍ ജെ പോള്‍ രാജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി . എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് കൗസര്‍ എടപ്പഗത്താണ് ജാമ്യാപേക്ഷ തളളിയത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് അറസ്റ്റില്‍ നിന്നു ഒഴിവായി കിട്ടുന്നതിനാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മിഷന്‍ മുമ്പാകെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഹരജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.സുപ്രീം കോടതി ഉത്തരവ് പ്രകാരം ഫ്‌ളാറ്റ് പൊളിക്കല്‍ നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

കേസില്‍ പ്രതികളായ ചിലരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.കേസ് ഡയറി പ്രകാരം പ്രഥമദൃഷ്ട്യ പ്രതിക്കെതിരെ കുറ്റം നിലനില്‍ക്കുന്നുണ്ട്. അനധികൃത നിര്‍മ്മാണത്തിന്റെ മുഴുവന്‍ കാര്യങ്ങളും കൈകാര്യം ചെയ്തത് കമ്പനി ഡയറക്ടറെന്ന നിലയില്‍ പോള്‍ രാജാണ്. നിയമപരമല്ലാത്ത കണ്‍സ്ട്രക്ഷന്‍ നടത്തി ഉടമകള്‍ക്ക് വില്‍പ്പന നടത്തി വലിയ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം. ഫ്‌ളാറ്റുകള്‍ വില്‍ക്കുന്ന സമയത്ത് കേസുണ്ടെന്നോ ഷോകോസ് നോട്ടീസ് ഉണ്ടെന്നോ ആരെയും അറിയിച്ചില്ല.മരട് സര്‍വ്വേ റെക്കോര്‍ഡ് പ്രകാരം കെട്ടിടം നില്‍ക്കുന്ന 109. 48 സെന്റ് സ്ഥലവും ചതുപ്പാണ്. ഇതൊന്നും ഡയറക്ടര്‍ അറിയിച്ചിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

കോടതിയില്‍ കേസിലെ അന്വേഷണോ ദ്യോഗസ്ഥന്‍ നല്‍കിയ റിപോര്‍ട്ടില്‍ ഹര്‍ജിക്കാരന്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തിയാണെന്നും മരട് മുന്‍സിപ്പാലിറ്റിയുടെ പല രേഖകളും ഒളിവിലാണെന്നും കണ്ടെത്തേണ്ടതുണ്ടെന്നു അന്വേഷണ സംഘം വ്യക്തമാക്കി.ജാമ്യം നല്‍്കിയാല്‍ സാക്ഷികളേയും അന്വേഷണത്തേയും സ്വാധീനിക്കാനിടയുണ്ടെന്നും ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് ആവശ്യമായതിനാല്‍ മുന്‍കൂര്‍ ജാമ്യം നിരസിക്കുകയാണെന്നും കോടതി വിധിയില്‍ പറഞ്ഞു. 

Tags:    

Similar News