വയനാട്ടില്‍ ജാസ്മിന്‍ ഷാ ഇടതു സ്വതന്ത്രനായേക്കും

സിപിഐയുടെ പിന്തുണയോടെയായിരിക്കും ജാസ്മിന്‍ഷാ സ്വതന്ത്രനായി മല്‍സരിക്കുക

Update: 2019-02-09 17:59 GMT

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് ലോകസഭാ സീറ്റില്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യുഎന്‍എ) പ്രസിഡന്റ് ജാസ്മിന്‍ഷായെ മല്‍സരിപ്പിച്ചേക്കും. സിപിഐയുടെ പിന്തുണയോടെയായിരിക്കും ജാസ്മിന്‍ഷാ സ്വതന്ത്രനായി മല്‍സരിക്കുക. തുച്ഛമായ വേതനം വാങ്ങി ഏറെ ചൂഷണത്തിന് വിധേയമായിരുന്ന നഴ്‌സുമാര്‍ക്ക് വേണ്ടി വിവിധ സമരങ്ങളും നിയമ പോരാട്ടങ്ങള്‍ക്കും നേതൃത്വം കൊടുത്ത ജാസ്മിന്‍ഷായെ വയനാട്ടില്‍ മല്‍സരിപ്പിച്ചാല്‍ ന്യൂനപക്ഷ വോട്ടുകളെ ഏറെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. വടക്കേ മലബാറില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരില്‍ കൂടുതലും ഈ മലയോര മേഖലകളില്‍ നിന്നുള്ളവരാണ്. വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന മലപ്പുറം ജില്ലയിലെ പ്രദേശങ്ങളും ഉള്‍പ്പെടുന്നതിനാല്‍ ഈ ജില്ലക്കാരനായതിനാലുമാണ് ജാസ്മിന്‍ഷായെ പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ടു പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും സിപിഐ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് കാരണം ഇടതുപക്ഷ പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നില്ല. കഴിഞ്ഞ രണ്ട് തവണയും പരേതനായ എം ഐ ഷാനവാസായിരുന്നു വിജയിച്ചിരുന്നത്. രോഗികളില്‍ നിന്നു ചികില്‍സക്കായി വന്‍ തുക ഈടാക്കുന്ന ആശുപത്രികള്‍ക്കെതിരേ സമരം നയിച്ച വീരപരിവേഷവും ജാസ്മിന്‍ഷായ്ക്കുണ്ട്. അമൃതാ ആശുപത്രിയിലെ ചൂഷണത്തിനെതിരേ സമരം നടത്തിയപ്പോള്‍ ഗുണ്ടാ ആക്രമണത്തില്‍ ജാസ്മിന്‍ഷാക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ കൊണ്ടെല്ലാം തന്നെ താരവീര പരിവേശവും യുവ തലമുറക്കിടയില്‍ ജാസ്മിന്‍ഷായ്ക്കുണ്ട്. കൂടാതെ ലോകമെങ്ങുമുള്ള നഴ്‌സിങ് സമൂഹം തങ്ങളുടെ സമര നായകനായ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ തയ്യാറാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ നടന്ന വന്‍കിട ആശുപത്രിക്ക്് മുമ്പില്‍ നടന്ന സമരങ്ങളിലും സംഘടനയ്ക്കു സജീവമായ പിന്തുണയുമായി വന്നിരുന്നത് കാനം രാജേന്ദ്രനടക്കമുള്ള സിപിഐ നേതാക്കളായിരുന്നു. തിരുവനന്തപുരത്തെ സ്വാതിമോള്‍ക്ക് വേണ്ടി യുഎന്‍എ അംഗങ്ങളില്‍ നിന്നു പിരിവെടുത്ത് നിര്‍മ്മിച്ച നല്‍കുന്ന വീടിന്റെ താക്കോല്‍ ദാനം സിപിഐ നേതാവ് കാനം രാജേന്ദ്രനാണ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്നത്. അതേസമയം സ്ഥാനാര്‍ത്ഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അടുത്ത മാസം 31 ശേഷമായിരിക്കും മലപ്പുറം ജില്ലാ കമ്മിറ്റിയുമായി ആലോചിച്ച് തീരുമാനിക്കുകയെന്നും കാനം രാജേന്ദ്രന്‍ തേജസിനോട് പറഞ്ഞു. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കാര്യങ്ങള്‍ നേടിയെടുക്കാന്‍ തിരഞ്ഞെടുപ്പില്‍ സജീവമായി പങ്കെടുക്കുകയെന്നതാണ് സംഘടനയുടെ നയം. മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, തിരുവമ്പാടി, നിലമ്പൂര്‍ വണ്ടൂര്‍, എറനാട് എന്നീ അസംബ്ലി സീറ്റുകള്‍ ഉള്‍പ്പെടുന്നതാണ് വയനാട് ലോക്‌സഭാ സീറ്റ്.




Tags:    

Similar News