നൗഷാദിനെ നേരിട്ടഭിനന്ദിച്ച് മുഖ്യമന്ത്രി; എല്ലാം പടച്ചോന്റെയനുഗ്രഹമെന്ന് നൗഷാദ്

തന്നെ കാണാനെത്തിയ നൗഷാദിനെ കണ്ടപ്പോള്‍ തന്നെ തിരിച്ചറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ നിറഞ്ഞ ചിരിയോടെ അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്തി. സ്നേഹപൂര്‍വം കുശലം തിരക്കി. ചെയ്ത നല്ലകാര്യത്തിന് പ്രശംസിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം സമാഹരിക്കാന്‍ താന്‍ ഗള്‍ഫ് നാടുകളിലേക്ക് പോകുന്ന കാര്യം നൗഷാദ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നല്ല കാര്യമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി

Update: 2019-08-26 03:08 GMT

കൊച്ചി: പ്രളയബാധിതര്‍ക്ക് തന്റെ കയ്യിലുണ്ടായിരുന്ന പുതുവസ്ത്രങ്ങള്‍ ചാക്കുകളില്‍ നിറച്ച് നല്‍കിയ എറണാകുളം ബ്രോഡ് വേയിലെ വഴിയോരക്കച്ചവടക്കാരനായ നൗഷാദിനെ നേരിട്ട് അഭിനന്ദിച്ച് മുഖ്യമന്ത്രി.തന്നെ കാണാനെത്തിയ നൗഷാദിനെ കണ്ടപ്പോള്‍ തന്നെ തിരിച്ചറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ നിറഞ്ഞ ചിരിയോടെ അദ്ദേഹത്തെ ചേര്‍ത്തുനിര്‍ത്തി. സ്നേഹപൂര്‍വം കുശലം തിരക്കി. ചെയ്ത നല്ലകാര്യത്തിന് പ്രശംസിച്ചു.'എല്ലാം പടച്ചോന്റെയനുഗ്രമെന്നായിരുന്നു നൗഷാദിന്റെ മറുപടി. ജില്ലയിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി, പ്രളയബാധിതര്‍ക്കായി തുണിത്തരങ്ങള്‍ സംഭാവനചെയ്ത വഴിയോരക്കച്ചവടക്കാരന്‍ നൗഷാദിനെ നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്.

തുടര്‍ന്ന് ഗസ്റ്റ്ഹൗസിലെത്തിയ അദ്ദേഹത്തിന്റെ അടുത്തേക്ക് നൗഷാദ് ഓടിയെത്തി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം സമാഹരിക്കാന്‍ താന്‍ ഗള്‍ഫ് നാടുകളിലേക്ക് പോകുന്ന കാര്യം നൗഷാദ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നല്ല കാര്യമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അഞ്ചുമിനിറ്റ് നീണ്ട കൂടിക്കാഴ്ച കഴിഞ്ഞ് പിരിയുമ്പോള്‍ നൗഷാദിനെ പുറത്തുതട്ടി മുഖ്യമന്ത്രി യാത്രയാക്കി.അഞ്ചുദിവസത്തെ സന്ദര്‍ശനത്തിന് കുടുംബസമേതമാണ് ഗള്‍ഫ്നാടുകളിലേക്ക് പോകുന്നതെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നും നൗഷാദ് പറഞ്ഞു സ്മാര്‍ട്ട് ട്രാവല്‍സ് ഉടമ അഫി അഹമ്മദിന്റെ ക്ഷണം സ്വീകരിച്ച്, ഓണക്കാലത്തെ കച്ചവടമുപേക്ഷിച്ചാണ് യാത്ര. ദുരിതബാധിതര്‍ക്കായി തന്നാലാകുന്നതൊക്കെ ചെയ്യണമെന്നാണ് വിചാരിക്കുന്നതെന്നും നൗഷാദ് പറയുന്നു.

പ്രളയബാധിതരെ സഹായിക്കുന്നതിനായി സന്നദ്ധ പ്രവര്‍ത്തകര്‍ ഏതാനും ദിവസം മുമ്പ് എറണാകുളം ബ്രോഡ് വേയിലെ വ്യാപാര സ്ഥാപനങ്ങള്‍ കയറിയിറങ്ങിയെങ്കിലും തുടക്കത്തില്‍ ആരും സഹായിക്കാന്‍ തയാറായിരുന്നില്ല. ഇത് കണ്ട് വഴിയോരക്കച്ചവടക്കാരനായ നൗഷാദ് ഇവരെ വിളിച്ച് താന്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് വില്‍ക്കാനായി എത്തിച്ച പുതുവസ്ത്രങ്ങള്‍ വാരി ചാക്കുകളിലാക്കി നല്‍കുകയായിരുന്നു. നൗഷാദിന്റെ ഈ പ്രവര്‍ത്തി സന്നദ്ധ പ്രവര്‍ത്തകര്‍ തന്നെ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തതോടെയാണ് പൊതുസമൂഹത്തില്‍ ചര്‍ച്ചയായത്.തുടര്‍ന്ന മുഖ്യമന്ത്രി അടക്കമുള്ളവര്‍ നൗഷാദിന്റെ നല്ല മനസിനെ അഭിനന്ദിച്ചു അന്ന് തന്നെ രംഗത്ത് വന്നിരുന്നു.ഇതിനു ശേഷം പ്രളയ ബാധിതര്‍ക്ക് നല്‍കാനായി ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ സ്മാര്‍ട്ട് ട്രാവല്‍സ് ഉടമ അഫി അഹമ്മദിന്റെ നേതൃത്വത്തില്‍ നൗഷാദിന്റെ പക്കല്‍ നിന്നും വാങ്ങിയിരുന്നു. ഈ പണവും നൗഷാദ് മുഖ്യമന്ത്രിയുടെ ദുരാതാശ്വാസ നിധിയിലേക്കായി ജില്ലാ കലക്ടര്‍ക്ക് കൈമാറിയിരുന്നു

Tags:    

Similar News