പ്രളയം: ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ സമൂഹത്തിന് നന്മയുടെ പാഠം പകര്‍ന്ന് നൗഷാദ്

വൈപ്പിന്‍ മാലിപ്പുറം സ്വദേശി നൗഷാദ് 18 വര്‍ഷമായി എറണാകുളം ബ്രോഡ് വേയില്‍ വസ്ത്രവില്‍പ്പനക്കാരനാണ്. പ്രളയബാധിതരെ സഹായിക്കാന്‍ പലരും മുഖം തിരിക്കുമ്പോഴാണ് നൗഷാദ് എല്ലാവര്‍ക്കും മാതൃകയാകുന്നത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും അധ്യാപകരും പ്രളയബാധിതര്‍ക്ക് നല്‍കാന്‍ വസ്ത്രങ്ങള്‍ ശേഖരിക്കുന്നതിന് ഞായറാഴ്ച ബ്രോഡ് വേയില്‍ എത്തിയിരുന്നു. എന്നാല്‍ പലരും നല്‍കാന്‍ തയ്യാറായില്ല. ഇതറിഞ്ഞ നൗഷാദ് എണ്ണമൊന്നും നോക്കാതെ ചാക്ക് കണക്കിന് വസ്ത്രങ്ങള്‍ സംഭാവന ചെയ്യുകയായിരുന്നു

Update: 2019-08-12 03:59 GMT

കൊച്ചി: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി വഴിയോര കച്ചവടക്കാരന്‍ നൗഷാദ്. തന്റെ കടയില്‍നിന്ന് കണക്ക് നോക്കാതെ ചാക്ക് കണക്കിന് പുതിയ വസ്ത്രങ്ങളാണ് നിലമ്പൂരിലും വയനാട്ടിലും മഴക്കെടുതിയെ തുടര്‍ന്ന് ദുരിതമനൂഭവിക്കുന്നവര്‍ക്കായി ഈ മനുഷ്യന്‍ സംഭാവനയായി നല്‍കിയത്.പലരും ദുരിത ബാധിതരെ സഹായിക്കാന്‍ മടിച്ചു നില്‍ക്കുന്നതിനിടയിലാണ് ഈ മനുഷ്യന്‍ പ്രളയ ബാധിതര്‍ക്കായി തന്റെ സ്‌നേഹം പകര്‍ന്ന് നല്‍കിയത്. വൈപ്പിന്‍ മാലിപ്പുറം സ്വദേശിയായ നൗഷാദ് 18 വര്‍ഷമായി എറണാകുളം ബ്രോഡ് വേയില്‍ വസ്ത്രവില്‍പ്പനക്കാരനാണ്. പ്രളയബാധിതരെ സഹായിക്കാന്‍ പലരും മുഖം തിരിക്കുമ്പോഴാണ് നൗഷാദ് എല്ലാവര്‍ക്കും മാതൃകയാകുന്നത്.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികളും അധ്യാപകരും പ്രളയബാധിതര്‍ക്ക് നല്‍കാന്‍ വസ്ത്രങ്ങള്‍ ശേഖരിക്കുന്നതിന് ഞായറാഴ്ച ബ്രോഡ് വേയില്‍ എത്തിയിരുന്നു. എന്നാല്‍ പലരും നല്‍കാന്‍ തയ്യാറായില്ല. ഇതറിഞ്ഞ നൗഷാദ് എണ്ണമൊന്നും നോക്കാതെ ചാക്ക് കണക്കിന് വസ്ത്രങ്ങള്‍ സംഭാവന ചെയ്യുകയായിരുന്നു. 'പോകുമ്പോ ആരും ഇവിടന്ന് ഒന്നും കൊണ്ടോവില്ലല്ലോ. ഇതൊന്നുമൊരു നഷ്ടമല്ല. ഇതാണെന്റെ ലാഭം. എല്ലാവരും മനുഷ്യരാണ്. ദുരിത ബാധിതരെ സഹായിക്കുകയെന്നത് നമ്മളുടെ കടമായണെന്നും നൗഷാദ് ഒരു ചെറു പുഞ്ചിരിയോടെ വ്യക്തമാക്കുന്നു.

കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളും ഷര്‍ട്ടും ചുരിദാറും പാന്റുമെല്ലാം നൗഷാദ് നല്‍കിയ സ്‌നേഹപ്പൊതികളിലുണ്ട്. കഴിഞ്ഞ മഹാപ്രളയത്തിലും ഇതുപോലെ സഹായഹസ്തവുമായി നൗഷാദ് എത്തിയിരുന്നു. നൗഷാദ് വസ്ത്രങ്ങള്‍ ചാക്കിലാക്കി നല്‍കുന്ന ദൃശ്യങ്ങള്‍ കുസാറ്റ് സംഘം മൊബൈലില്‍ പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ ഇട്ടത് ഇതിനകം വൈറലായി. നിരവധിപേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. ഫെയ്‌സ്ബുക്ക് ഉപയോഗിക്കാത്ത നൗഷാദ് ഇതൊന്നും ശ്രദ്ധിക്കാതെ ഇപ്പോഴും തെരുവില്‍ വസ്ത്രക്കച്ചവടം നടത്തുന്ന തിരക്കിലാണ്.  

Tags:    

Similar News