പ്രളയത്തില്‍ കൈത്താങ്ങായ നൗഷാദിന്റെ വസ്ത്രവ്യാപാര ശാല 19 ന് തുറക്കും ; വസ്ത്രം ആദ്യം നല്‍കുന്നതും ദുരിത ബാധിതര്‍ക്ക്

നൗഷാദിന് യു എ ഇലേക്കും ക്ഷണം. ഗള്‍ഫിലെ സ്മാര്‍ട്ട് ട്രാവല്‍സ് ഉടമ പയ്യന്നൂര്‍ സ്വദേശി അഫി അഹമ്മദാണ് നൗഷാദിനും കുടുംബത്തിനും ഗള്‍ഫ് യാത്രക്കുള്ള അവസരമൊരുക്കിയിരിക്കുന്നത്.നൗഷാദിന്റെ കടയില്‍ നിന്നും സ്മാര്‍ട് ട്രാവല്‍സ് ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങി പ്രളയ ദുരിതബാധിതര്‍ക്ക് നല്‍കും. സ്മാര്‍ട് ട്രാവല്‍സ് വാങ്ങുന്ന വസ്ത്രങ്ങള്‍ 'ബിസിനസ് കേരള' എന്ന ഏജന്‍സി വഴിയാണ് ദുരിത ബാധിതരിലേക്ക് എത്തിക്കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് നൗഷാദ് പറഞ്ഞു.

Update: 2019-08-16 13:47 GMT

കൊച്ചി:പ്രളയ ബാധിതരെ സഹായിക്കാന്‍  തന്റെ പക്കലുണ്ടായിരുന്ന പുതു വസ്ത്രങ്ങള്‍ നല്‍കി സമൂഹത്തിന് മാതൃകയായ എറണാകുളം ബ്രോഡ് വേയിലെ വഴിയോരക്കച്ചടവക്കാരനായ നൗഷാദിന്റെ വസ്ത്ര വ്യാപാര ശാല ബ്രോഡ് വേയില്‍ 19 ന് തുറക്കും. നൗഷാദിന് യു എ ഇലേക്കും ക്ഷണം. ഗള്‍ഫിലെ സ്മാര്‍ട്ട് ട്രാവല്‍സ് ഉടമ പയ്യന്നൂര്‍ സ്വദേശി അഫി അഹമ്മദാണ് നൗഷാദിനും കുടുംബത്തിനും ഗള്‍ഫ് യാത്രക്കുള്ള അവസരമൊരുക്കിയിരിക്കുന്നത്. നൗഷാദിനെയും കുടുംബത്തെയും രണ്ടാഴ്ച്ചത്തെ സന്ദര്‍ശനത്തിനായി യു എ ഇലേക്ക് കൊണ്ടുപോവുമെന്നും പ്രവാസികളായ നിരവധി മലയാളികള്‍ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ കാത്തിരിക്കുകയാണെന്നും അഫി അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നൗഷാദ് ബ്രോഡ് വേയില്‍ ആരംഭിക്കുന്ന വസ്ത്രവ്യാപാര ശാലയുടെ ഉദ്ഘാടനം ഈ മാസം 19 ന് നടക്കും.നൗഷാദിന്റെ കടയില്‍ നിന്നും സ്മാര്‍ട് ട്രാവല്‍സ് ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങി പ്രളയ ദുരിതബാധിതര്‍ക്ക് നല്‍കും. സ്മാര്‍ട് ട്രാവല്‍സ് വാങ്ങുന്ന വസ്ത്രങ്ങള്‍ 'ബിസിനസ് കേരള' എന്ന ഏജന്‍സി വഴിയാണ് ദുരിത ബാധിതരിലേക്ക് എത്തിക്കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് നൗഷാദ് പറഞ്ഞു.

രണ്ടു മാസം മുന്‍പ് ബ്രോഡ്‌വെയില്‍ കട തുടങ്ങാന്‍ നൗഷാദ് വാടകയ്ക്ക് മുറിയെടുത്തിരുന്നുവെങ്കിലും പല കാര്യങ്ങള്‍ കൊണ്ട് കട തുടങ്ങുന്നത് നീണ്ടുപോയി .അതിനിടയിലാണ് പ്രളയം വന്നതും ബലിപെരുന്നാളിനോടനുബന്ധിച്ച് കച്ചവടത്തിന് വാങ്ങി വെച്ച തുണിത്തരങ്ങള്‍ പ്രളയ ബാധിതര്‍ക്ക് നൗഷാദ് നല്‍കിയതും.ചാക്കുകണക്കിന് വസ്ത്രങ്ങളാണ് നൗഷാദ് പ്രളയ ബാധിതര്‍ക്ക് നല്‍കിയത്.വസ്ത്രം വാങ്ങാനെത്തിയ സന്നദ്ധ പ്രവര്‍ത്തകരാണ് നൗഷാദിന്റെ സഹായം മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്. ഇതോടെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ നൗഷാദിന്റെ നല്ല മനസിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരുന്നു. ആരുടെയും അംഗീകാരങ്ങള്‍ ലഭിക്കുന്നതിനായല്ല താന്‍ വസ്ത്രങ്ങള്‍ നല്‍കിയതെന്നും ദൈവത്തെ മുന്‍നിര്‍ത്തി ചെയ്ത കാര്യമാണെന്നും നൗഷാദ് പറഞ്ഞു. ഗള്‍ഫിലെ പ്രവാസികളെ സന്ദര്‍ശിച്ച് അവരില്‍ നിന്നും ദുരിത ബാധിതര്‍ക്ക് സഹായം ലഭ്യമാക്കുകയാണ് തന്റെ ഗള്‍ഫ് സന്ദര്‍ശന ലക്ഷ്യമെന്നും നൗഷാദ് പറഞ്ഞു.ഫേസ്ബുക്കിലൂടെയാണ് അഫി അഹമ്മദ് നൗഷാദിന് ഒരു ലക്ഷം രൂപ പാരിതോഷികവും ഗള്‍ഫ് സന്ദര്‍ശനവും വാഗ്ദാനം ചെയ്തത്. എന്നാല്‍ രണ്ടും നൗഷാദ് നിരസിച്ചതോടെ പുതുതായി തുടങ്ങാനിരിക്കുന്ന കടയില്‍ നിന്നും ഒരു ലക്ഷത്തിന് വസ്ത്രങ്ങള്‍ വാങ്ങാമെന്ന തീരുമാനത്തിലെത്തിയത്. ഗള്‍ഫ് സന്ദര്‍ശനം മുഖേന ലഭിക്കുന്ന സഹായങ്ങള്‍ നേരിട്ട് ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ കഴിയുമെന്ന് അറിയിച്ചതോടെയാണ് നൗഷാദ് യാത്രക്ക് സമ്മതം മൂളിയതെന്നും അഫി പറഞ്ഞു.

Tags:    

Similar News