നേതാക്കള്‍ക്കെതിരേ ഫേസ്ബുക്കിലൂടെ വിമര്‍ശനം: യൂത്ത് ലീഗ് നേതാവ് രാജിവച്ചു
കുന്ദമംഗലം ഗ്രാമപ്പഞ്ചായത്ത് മെംബറായ ബാബുമോന്, പാര്‍ട്ടി നേതാക്കളെ ഫേസ്ബുക്കിലൂടെ അവഹേളിച്ചെന്ന കാരണത്താല്‍ എറെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.
കുന്ദമംഗലം: മുസ്്ലിം യൂത്ത്ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് എം ബാബു മോന് രാജി വച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചതായി കാണിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് രാജിക്കത്ത് നല്കി. കുന്ദമംഗലം ഗ്രാമപ്പഞ്ചായത്ത് മെംബറായ ബാബുമോന്, പാര്‍ട്ടി നേതാക്കളെ ഫേസ്ബുക്കിലൂടെ അവഹേളിച്ചെന്ന കാരണത്താല്‍ എറെ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. മുത്തലാഖ് ബില്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്ത സമയത്ത് മുസ്്ലിം ലീഗ് നേതാവും എം പിയുമായ പികെ കുഞ്ഞാലിക്കുട്ടി സഭയില്‍ ഹാജരാവാതിരുന്നതിനെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടി പാര്‍ട്ടിയെ അവഹേളിച്ചെന്ന കാരണത്താല്‍ പാര്‍ട്ടിക്കുള്ളില്‍ ബാബുമോനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. മാത്രമല്ല, ജില്ലാനേതൃത്വം ബാബുമോന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രവര്‍ത്തക സമിതിയില്‍ വിഷയത്തില്‍ തീരുമാനമാനമാവാതെ പിരിഞ്ഞതിനു പിന്നാലെയാണ് രാജിവച്ചത്.