നടക്കാവ് വെടിക്കെട്ടപകടം :ക്ഷേത്ര ഭാരവാഹികളായ നാലു പേരെ അറസ്റ്റ് ചെയ്തു

നടക്കാവ് ദേവസ്വം സെക്രട്ടറി എന്‍ കെ ഉണ്ണികൃഷ്ണന്‍(68), കമ്മിറ്റി അംഗം ദിവാകരന്‍ (63), കിഴക്കുംഭാഗം കരയോഗം പ്രസിഡന്റ് ഇ കെ രാജേഷ്(52), കിഴക്കുംഭാഗം കരയോഗം സെക്രട്ടറി സുനില്‍ രാജപ്പന്‍(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെടിക്കെട്ടിന് കരാറെടുത്ത ചാലക്കുടിയിലെ ഫയര്‍വര്‍ക്‌സ് ഉടമ ഒളിവിലാണ്. കോടതിയില്‍ ഹാജരാക്കിയ നാലുപേരെയും റിമാന്‍ഡ് ചെയ്തു.അപകട സ്ഥലത്ത് എക്സ്പ്ലോസീവ്സ് വിഭാഗം പരിശോധന നടത്തി

Update: 2020-01-31 03:07 GMT

കൊച്ചി: നടക്കാവ് ഭാഗവതി ക്ഷേത്രത്തില്‍ താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി ബുധനാഴ്ച രാത്രിയില്‍ നടത്തിയ വെടിക്കെട്ടിനിടയിലുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികളായ നാലു പേരെ അറസ്റ്റു ചെയ്തു. നടക്കാവ് ദേവസ്വം സെക്രട്ടറി എന്‍ കെ ഉണ്ണികൃഷ്ണന്‍(68), കമ്മിറ്റി അംഗം ദിവാകരന്‍ (63), കിഴക്കുംഭാഗം കരയോഗം പ്രസിഡന്റ് ഇ കെ രാജേഷ്(52), കിഴക്കുംഭാഗം കരയോഗം സെക്രട്ടറി സുനില്‍ രാജപ്പന്‍(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെടിക്കെട്ടിന് കരാറെടുത്ത ചാലക്കുടിയിലെ ഫയര്‍വര്‍ക്‌സ് ഉടമ ഒളിവിലാണ്. കോടതിയില്‍ ഹാജരാക്കിയ നാലുപേരെയും റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച രാത്രി 8.45 നായിരുന്നു അപകടം. വെടിക്കെട്ടിന്റെ കൂട്ടത്തിന് തീകൊടുത്ത് കത്തിതീരുന്നതിനു മുന്‍പ് അമിട്ട് ഒരു വശത്തേക്ക് ചരിഞ്ഞ് സ്ത്രീകളും കുട്ടികളും കൂടുതലായി നില്‍ക്കുന്ന ഭാഗത്തേക്ക് വന്ന് വീണു പൊട്ടുകയായിരുന്നു.

അപകടത്തില്‍ 17 പേര്‍ക്ക് പൊള്ളലേറ്റു. വെടിക്കെട്ട് നടത്താന്‍ നല്‍കിയ അനുമതിയില്‍ അപകട രഹിതമായ ചൈനീസ് അമിട്ടുകളും മറ്റും പൊട്ടിക്കുവാനാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഇതിനൊപ്പം വീര്യം കൂടിയ നാടന്‍ അമിട്ടുകളും ഉണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചവരുടെ പരിക്കിന്റെ സ്വഭാവം ഇതാണ് ചൂണ്ടികാണിക്കുന്നത്. സംഭവം നടന്ന ബുധനാഴ്ച രാത്രി ഐ ജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ പോലീസ് സംഘം അപകടം നടന്ന സ്ഥലം പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ചിരുന്നു. എക്സ്പ്ലോസീവ് വിഭാഗം ഇന്‍സ്പെക്ടര്‍മാരായ ശരവണന്‍, റാണ എന്നിവര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കിഴക്കുഭാഗത്തിന്റെ വകയായി നടന്ന താലപ്പൊലി ആഘോഷ ദിവസമാണ് അപകടം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ഇന്നലെ പടിഞ്ഞാറു ഭാഗത്തിന്റെ താലപ്പൊലി ആഘോഷത്തിന് വെടിക്കെട്ട് നടത്താന്‍ നല്‍കിയ അനുമതി റദ്ദുചെയ്തു.ക്ഷേത്ര ചടങ്ങുകള്‍ മാത്രമായി ഇന്നലെ ആഘോഷങ്ങള്‍ ഒതുങ്ങി.പൊട്ടിക്കാതെ ഇട്ടിരുന്ന 300 ഓളം അമിട്ടുകള്‍ കുളത്തിലെ വെള്ളത്തില്‍ ഇട്ട് നിര്‍വീര്യമാക്കി. 

Tags:    

Similar News