കോതമംഗലം സംഘര്‍ഷം: ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Update: 2024-03-06 13:15 GMT

കൊച്ചി: കോതമംഗലം സമരത്തിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിന് ജാമ്യം. പ്രതിഷേധത്തിനിടെ ഡിവൈഎസ്പിയെ ആക്രമിച്ചെന്ന കേസിലാണ് കോതമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം മുഹമ്മദ് ഷിയാസിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷിയാസ് സമാന്തരമായി നല്‍കിയ ഹരജി പരിഗണിച്ചാണ് 16ാം തിയ്യതി വരെ അറസ്റ്റ് നപടികള്‍ തടഞ്ഞത്. കോതമംഗലം സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലിസ് വാഹനം ആക്രമിച്ചെന്ന കേസില്‍ മുഹമ്മദ് ഷിയാസിന് കോടതി രാവിലെ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നേടി പുറത്തിറങ്ങിയ ഉടനെ ഡിവൈഎസ്പിയെ ആക്രമിച്ചെന്ന കേസില്‍ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ പോലിസ് ശ്രമിച്ചു. എന്നാല്‍ അദ്ദേഹം കോടതി സമുച്ചയത്തിലേക്ക് ഓടിക്കയറിയതോടെ അറസ്റ്റ് നീക്കം പരാജയപ്പെടുകയായിരുന്നു.

നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരണപ്പെട്ടതിനെ തുടര്‍ന്നാണ് കോതമംഗലത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. സമരത്തിനിടെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും മാത്യു കുഴല്‍നാടന്‍ എംഎല്‍എയും ഉള്‍പ്പെടെയുള്ളവരെ പോലിസ് അറസ്റ്റ് ചെയ്യുകയും ഇവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട വിഷയത്തില്‍ മാത്യു കുഴല്‍നാടന്റെയും എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയുടേയും നേതൃത്വത്തില്‍ അനിശ്ചിതകാല ഉപവാസം നടത്തിയിരുന്നു. ഈ സമരപ്പന്തലില്‍ നിന്നാണ് കുഴല്‍നാടനേയും ഷിയാസിനേയും പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലത്ത് നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു പോലീസ് കേസെടുത്തിരുന്നത്. ആശുപത്രി സംരക്ഷണ നിയമപ്രകാരം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ മാത്യുകുഴല്‍നാടനെതിരേ ചുമത്തിയിരുന്നു. ഇരുവര്‍ക്കും കഴിഞ്ഞദിവസം കോടതി താല്‍കാലിക ജാമ്യം അനുവദിച്ചിരുന്നു. കാട്ടാനയാക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായാണ് കോണ്‍ഗ്രസ് കോതമംഗലത്ത് പ്രതിഷേധം നടത്തിയത്.

Tags:    

Similar News