സിപിഎമ്മിന് മറുപടിയുമായി സിപി ഐ ; ജില്ലാ സെക്രട്ടറിയെ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ തടയുന്നവീഡിയോ ദൃശ്യമുണ്ടെന്ന് സി പി ഐ

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ജീവനുള്ള ഈ തെളിവുകളെല്ലാം കണ്ടിട്ടും സിപിഐ ജില്ലാ സെക്രട്ടറിയെ തടഞ്ഞിട്ടില്ല എന്ന് സിപിഎം നേതൃത്വം കള്ളപ്രചരണം തുടരരുത്.ജില്ലാ സെക്രട്ടറി പി രാജുവിനെ തടയുകയും വാഹനത്തിന്റെ ഡ്രൈവറെ ആക്രമിക്കുയും ചെയ്തതിനു പിന്നിലെ സിപിഎമ്മിന്റെ ഗൂഡാലോചന അന്വേഷിക്കണമെന്നും സിപി ഐ ആവശ്യപ്പെട്ടു

Update: 2019-07-25 10:43 GMT

കൊച്ചി: വൈപ്പിന്‍ ഗവ.കോളജില്‍ നടന്ന എസ്എഫ് ഐ-എ ഐ എസ് എഫ് സംഘര്‍ഷത്തില്‍ പോലിസ് പക്ഷാപാതപരമായ നിലപാടെടുത്തുവെന്നാരോപിച്ച് സി പി ഐ നടത്തിയ സമരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ സിപിഎമ്മിന് മറുപടിയുമായി സി പി ഐ. മര്‍ദനത്തില്‍ പരിക്കേറ്റ് ഞാറയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഐഎസ്എഫ് നേതാക്കളെ സന്ദര്‍ശിച്ച് മടങ്ങിയ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെ എസ്എഫ്‌ഐ, ഡിവൈഎഫ് പ്രവര്‍ത്തകര്‍ തടയുന്നതും സിപിഐ നേതൃത്വം ഇടപെടുന്നതും രംഗം ശാന്തമാക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ഉണ്ടെന്നും ഇത് പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും സിപിഐ വൈപ്പിന്‍ മണ്ഡലം സെക്രട്ടറി ഇ സി ശിവദാസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ജീവനുള്ള ഈ തെളിവുകളെല്ലാം കണ്ടിട്ടും ജില്ലാ സെക്രട്ടറിയെ തടഞ്ഞിട്ടില്ലെന്നും ആരോപണം അടിസ്ഥാനരഹിതമെന്നും പറയുന്ന സിപിഎം വൈപ്പിന്‍ ഏരിയ നേതൃത്വം കള്ളപ്രചരണം തുടരരുത്. ജനങ്ങള്‍ കണ്‍മുന്നില്‍ കണ്ട കാഴ്ച തെറ്റാണെന്ന് പറഞ്ഞ് സിപിഎം അധപതിക്കരുതെന്നും ഇ സി ശിവദാസ് വ്യക്തമാക്കി.ജില്ലാ സെക്രട്ടറി പി രാജുവിനെ തടയുകയും വാഹനത്തിന്റെ ഡ്രൈവറെ ആക്രമിക്കുയും ചെയ്തതിനു പിന്നിലെ സിപിഎമ്മിന്റെ ഗൂഡാലോചന അന്വേഷിക്കണം. ആശുപത്രിയില്‍ സിപിഎം നേതാക്കള്‍ ഇല്ലാതിരുന്നത് ഗൂഢാലോചനയുടെ ഭാഗം തന്നെയാണ്. ഈ ഗൂഢാലോചന പുറത്തുകൊണ്ടുവരുവാന്‍ വേണ്ടി സിപിഐ നടത്തുന്ന സമരങ്ങളും ഗൂഢാലോചനക്ക് നേതൃത്വം കൊടുക്കുന്ന ഞാറയ്ക്കല്‍ സിഐ.ക്കെതിരെ നടപടി ആവശ്യപ്പെടുന്നതും എങ്ങനെയാണ് സര്‍ക്കാരിനെതിരായുള്ള സമരമായി മാറുന്നതെന്നും സിപി ഐ നേതൃത്വം വാര്‍ത്താകുറിപ്പില്‍ ചോദിക്കുന്നു.

എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന എഐഎസ്എഫ് നേതാക്കളെ സന്ദര്‍ശിച്ച് മടങ്ങിയ പി രാജുവിന്റെ വാഹനം ആശുപത്രിക്കവാടത്തില്‍ എത്തിയെങ്കിലും പുറത്തേക്ക് പോകാന്‍ അനുവദിക്കാതെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ഗുണ്ടാസംഘങ്ങളും കവാടത്തില്‍ ഇരുചക്രവാഹനങ്ങള്‍ നിരത്തിവെച്ച് തടഞ്ഞു. സിപിഐ പ്രവര്‍ത്തകരും എഐവൈഎഫ്. പ്രവര്‍ത്തകരും ചേര്‍ന്ന് വാഹനങ്ങള്‍ നീക്കുവാന്‍ ശ്രമിക്കുമ്പോഴാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ക്വട്ടേഷന്‍ സംഘവും ചേര്‍ന്ന് അസഭ്യവര്‍ഷം നടത്തുന്നത്. ഇതിനെ ചോദ്യം ചെയ്ത കാറിന്റെ ഡ്രൈവറെ ഇവര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന എ ഐ എസ് എഫ് പ്രവര്‍ത്തകരുടെ മൊഴിയെടുക്കാന്‍ ജില്ലാ സെക്രട്ടറിയുടെ ഇടപെടല്‍ മൂലമാണ് പോലീസിന് ആശുപത്രിയില്‍ വരേണ്ടി വന്നത് എന്നതായിരുന്നു ഇവരെ പ്രകോപിപ്പിച്ചത്. പോലിസ് വന്നില്ലായിരുന്നെങ്കില്‍ രാത്രിയില്‍ ആശുപത്രിയില്‍ കഴിയുന്ന എഐഎസ്എഫ് പ്രവര്‍ത്തകരെ വകവരുത്താനായിരുന്നു ഇവരുടെ പദ്ധതി. എഐഎസ്എഫ് മണ്ഡലം സെക്രട്ടറി സയാസ്റ്റസ് കോമത്തിനെ ആക്രമിക്കുന്നതിനായി ഒരു സംഘത്തെ നിയോഗിച്ചതിനെ തുടര്‍ന്ന് അവരും ആ സമയം ആശുപത്രിയില്‍ എത്തിയിരുന്നു.

ഈ സംഭവങ്ങള്‍ക്കെല്ലാം ദൃക്സാക്ഷിയായി പോലീസ് ആശുപത്രി വളപ്പിന് പുറത്ത് നിലയുറപ്പിച്ചിരിക്കുകയായിരുന്നു. സംഘര്‍ഷം ഇല്ലാതാക്കാന്‍ ഇടപെടണമെന്ന് പോലിസിനോട് ആവശ്യപ്പെട്ടപ്പോള്‍ ഇടപെടേണ്ടതില്ല എന്ന നിര്‍ദ്ദേശമാണ് മുകളില്‍ നിന്നും ലഭിച്ചിട്ടുള്ളത് എന്ന് പോലിസ് പറഞ്ഞു.വിഷയം സിപിഐ നേതൃത്വം ഞാറക്കല്‍ സിഐയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്നും മനസിലായത് ഞാറക്കല്‍ സിഐ തന്നെയാണ് ഇതിന് നേതൃത്വം നല്‍കുന്നത് എന്നാണ്. ഇതേ തുടര്‍ന്നാണ് ഞാറക്കല്‍ സിഐ രാഷ്ട്രീയ പ്രേരിതമായി ക്രിമിനല്‍ സംഘത്തെ സംരക്ഷിക്കുകയാണെന്നും സി ഐ ക്കെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് സിപിഐയുടെ നേതൃത്വത്തില്‍ ഐ ജി ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചത്. സംഭവത്തില്‍ പൊതുസമൂഹം സിപിഎമ്മിന് എതിരായതോടെയാണ് മുഖം രക്ഷിക്കാന്‍ പുതിയവാദമുഖങ്ങളുമായി സിപിഎം. ഏരിയ നേതൃത്വം രംഗത്തെത്തിയതെന്നും സിപി ഐ നേതൃത്വം ആരോപിച്ചു.

Tags:    

Similar News