പോലിസ് ലാത്തിച്ചാര്‍ജില്‍ എംഎല്‍എ അടക്കമുള്ളവരുടെ കൈ ഒടിഞ്ഞ സംഭവം: കലക്ടര്‍ അന്വേഷണം തുടങ്ങി; പോലിസിനിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് സിപി ഐ

പോലിസ് നടപടിക്കെതിരെ ഇന്ന് സിപി ഐ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കു പരാതി നല്‍കും. പോലിസിനെതിരെ കോടതിയെ സമീപിക്കുന്നതിനെകുറിച്ചും ആലോചിക്കുമെന്ന് സിപി ഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഇന്നലെ തന്നെ എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് അന്വേഷണം ആരംഭിച്ചിരുന്നു

Update: 2019-07-24 06:02 GMT

കൊച്ചി: വൈപ്പിന്‍ ഗവ.ആര്‍ടസ് കോളജില്‍ ഉണ്ടായ എസ്എഫ് ഐ-എ ഐ എസ് എഫ് സംഘര്‍ഷത്തില്‍ പോലിസ് പക്ഷപാതപരമായ നിലപാട് സ്വീകരിച്ചുവെന്നും ഞാറയ്ക്കല്‍ സി ഐ ക്കെതിരെ നടപടിവേണമെന്നുമാവശ്യപ്പെട്ട് സിപി ഐ ഡി ഐജി ഓഫിസിലേക്ക് നടത്തിയ മാര്‍ചിനെതിരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും എംഎല്‍എ അടക്കമുള്ളവരുടെ കൈ ഒടിയുകയും ചെയ്ത സംഭവത്തില്‍ എറണാകുളം ജില്ലാ കലക്ടര്‍ അന്വേഷണം ആരംഭിച്ചു. പോലിസ് നടപടിക്കെതിരെ ഇന്ന് സിപി ഐ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കു പരാതി നല്‍കും. പോലിസിനെതിരെ കോടതിയെ സമീപിക്കുന്നതിനെകുറിച്ചും ആലോചിക്കുമെന്ന് സിപി ഐ ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.

മുഖ്യമന്തരിയുടെ നിര്‍ദേശ പ്രകാരം ഇന്നലെ തന്നെ എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് അന്വേഷണം ആരംഭിച്ചിരുന്നു ഇതിന്റെ ഭാഗമായി കലക്ടര്‍ പോലിസ് ലാത്തിച്ചാര്‍ജില്‍ കൈ ഒടിഞ്ഞ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രാഹം, തലയ്ക്ക്ടിയേറ്റ് എറണാകുളും ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സിപി ഐ ജില്ലാ സെക്രട്ടറി പി രാജു, കൈക്കു പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ എന്‍ സുഗതന്‍ അടക്കമുള്ളവരെ നേരില്‍ കണ്ട് മൊഴി രേഖപെടുത്തി. സംഘര്‍ഷത്തില്‍ എറണാകുളം എസിപി കെ ലാല്‍ജി, എസ് ഐ വിപിന്‍ദാസ് എന്നിവരടക്കം ഏതാനും പോലിസുകാര്‍ക്കും പരിക്കേറ്റിരുന്നു. ഇവരുടെ മൊഴിയും ജില്ലാ കലക്ടര്‍ ശേഖരിച്ചു.

ഒരാഴ്ചയക്കുളളില്‍ റിപോര്‍ട് മുഖ്യമന്ത്രിക്കു കൈമാറാനാണ് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.കലക്ടറുടെ അന്വേഷണ റിപോര്‍ടിനു ശേഷം പോലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുന്നതിനെകുറിച്ച് ആലോചിക്കുമെന്ന് സിപി ഐ ജില്ലാ സെക്രട്ടറി പി രാജു തേജസ് ന്യൂസിനോട് പറഞ്ഞു.ഇതു കൂടാതെ ഇന്നലെ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജിനെതിരെയും ഞാറയക്കലിലെ സംഭവവും സംബന്ധിച്ച് ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും പി രാജു പറഞ്ഞു. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് എഐഎസ്എഫ് ജില്ലയില്‍ പ്രതിഷേധ ദിനം ആചരിക്കും. 

Tags:    

Similar News