മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ സങ്കടയാത്ര ഇന്ന്

ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക യില്‍ 364 ആയി കുറഞ്ഞു

Update: 2019-02-03 03:48 GMT
തിരുവനന്തപുരം: അര്‍ഹരായ മുഴുവന്‍ പേരെയും ദുരിതബാധിതരുടെ പട്ടികയില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തും. രാവിലെ 10നു തുടങ്ങുന്ന യാത്രയില്‍ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഈ ആവശ്യം ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുന്നു. ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഢിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്. ദുരിതബാധിതരുടെ സാധ്യതാ പട്ടികയില്‍ 1905 പേര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അന്തിമ പട്ടിക യില്‍ 364 ആയി കുറഞ്ഞു. ദുരിതബാധിതരെ മുഴുവന്‍ പട്ടികയില്‍പ്പെടുത്തുന്നത് വരെ സമരം നടത്താനാണ് സമരസമിതിയുടെ തീരുമാനം. 9 കുട്ടികളടക്കം 30 പേരടങ്ങുന്ന സംഘമാണ് ഇപ്പോള്‍ സമരം നടത്തുന്നത്. സാമൂഹിക പ്രവര്‍ത്തക ദയാബായി ആണ് ഇപ്പോള്‍ നിരാഹാരം അനുഷ്ഠിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ നടപടിയില്ലെങ്കില്‍ ദുരിതബാധിതരുടെ അമ്മമാരും പട്ടിണി സമരം തുടങ്ങും. ഇതിനായി കാസര്‍കോട് നിന്ന് കൂടുതല്‍ ദുരിതബാധിതര്‍ തിരുവനന്തപുരത്തേക്കെത്തും. അതേസമയം, കുട്ടികളെ സമരത്തിലൂടെ പ്രദര്‍ശിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും എന്തിനു വേണ്ടിയാണ് സമരമെന്ന് അറിയില്ലെന്നുമുള്ള മന്ത്രി കെ കെ ശൈലജയുടെ പരാമര്‍ശം പ്രതിഷേധത്തിനിടയായിക്കിയിട്ടുണ്ട്.




Tags:    

Similar News