എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വിഷയത്തില്‍ മുഖ്യമന്ത്രി എത്ര യോഗം വിളിച്ചു?; സഭയില്‍ മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് എന്‍എ നെല്ലിക്കുന്ന്

നീതിതേടി എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധിക്കുകയാണ്.

Update: 2021-10-06 06:38 GMT

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയത്തില്‍ മുഖ്യമന്ത്രി എത്ര യോഗം വിളിച്ചെന്നും കണക്കു തരാന്‍ തയ്യാറുണ്ടോ എന്നും എന്‍ എ നെല്ലിക്കുന്ന് നിയമസഭയില്‍. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തരപ്രമേയത്തിലാണ് എന്‍എ നെല്ലിക്കുന്ന് മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ചത്.

എന്‍ഡോസല്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരം പൂര്‍ണമായി വിതരണം ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷം സഭയില്‍ ആരോപിച്ചു. 

പുനരധിവാസം സംബന്ധിച്ച് സുപ്രീം കോടതി വിധി പൂര്‍ണമായും നടപ്പിലാക്കിയിട്ടില്ല. അര്‍ഹമായ അര്‍ഹരായ 6000 പേരില്‍ 1200 പേര്‍ക്ക് മാത്രമാണ് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയത്. ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനം ഒരുവര്‍ഷമായി നിശ്ചലമാണ്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് മുഖ്യമന്ത്രിയാണെന്നും എന്നാല്‍ മറുപടി അദ്ദേഹം തയ്യാറാകുന്നില്ലെന്നും എന്‍എ നെല്ലിക്കുന്ന് കുറ്റപ്പെടുത്തി. കമ്പനിയുടെ വക്താവായി കാസര്‍ഗോഡ് കലക്ടര്‍ മാറിയെന്ന് വിമര്‍ശിച്ച നെല്ലിക്കുന്ന്, ജില്ലാ കലക്ടര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.

ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്ന് സാമൂഹ്യനീതി മന്ത്രി ആര്‍ ബിന്ദു സഭയെ അറിയിച്ചു. പുനരധിവാസം നടപ്പാക്കാനുള്ള പ്രവര്‍ത്തനം പുന സംഘടിപ്പിക്കും. വിവിധ സാമ്പത്തിക സഹായം കൃത്യമായി നല്‍കുന്നുണ്ട്. 171കോടിയോളം രൂപ നഷ്ടപരിഹാരമായി നല്‍കി. 6.8 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. പുനരധിവാസ വില്ലേജ് സ്ഥാപിക്കാനായി അഞ്ചു കോടി അനുവദിച്ചിട്ടുണ്ട്.

ഇരകളുടെ കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും മന്ത്രി വ്യക്തമാക്കി മന്ത്രിയുടെ വിശദീകരണത്തിനു അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് വിഡി സതീശന്‍ ആരോപിച്ചു.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രതിഷേധിക്കുകയാണ്. മതിയായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് എന്ന് ആരോപിച്ചാണ് ഇരകള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ഉള്‍പ്പെടെ നിരവധിപേര്‍ സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റിനു മുന്‍പില്‍ എത്തുന്നുണ്ട്

Tags:    

Similar News