എന്‍ഡോസള്‍ഫാന്‍: സുപ്രിം കോടതി പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണമെന്ന് ജോണ്‍സണ്‍ കണ്ടച്ചിറ

എട്ടാഴ്ചയ്ക്കകം എല്ലാ ദുരിത ബാധിതര്‍ക്കും 5 ലക്ഷം രൂപ വീതം നല്‍കണമെന്ന് 2010 ഡിസംബര്‍ 31ന് ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു

Update: 2022-06-17 13:25 GMT

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സുപ്രിം കോടതി പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണമെന്നും ഇടതു സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. എട്ടാഴ്ചയ്ക്കകം എല്ലാ ദുരിത ബാധിതര്‍ക്കും 5 ലക്ഷം രൂപ വീതം നല്‍കണമെന്ന് 2010 ഡിസംബര്‍ 31ന് ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

കമ്മീഷന്റെ ഉത്തരവ് വന്ന് 12 വര്‍ഷം പിന്നിടുകയാണ്. മൂന്നു മാസത്തിനുള്ളില്‍ 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരത്തുക കൊടുത്തു തീര്‍ക്കണമെന്ന് 2017 ജനുവരിയില്‍ സുപ്രിം കോടതിയും ഉത്തരവിട്ടു. ആകെയുള്ള 6727 എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരില്‍ 3260 പേര്‍ക്ക് ഇന്നും സര്‍ക്കാര്‍ ധന സഹായം ലഭിച്ചിട്ടില്ല. 5 വര്‍ഷത്തിന് ശേഷവും സുപ്രിംകോടതി വിധി നടപ്പാക്കാത്തതിനെതിരേ കോടതിയലക്ഷ്യത്തിന് ഹരജി നല്‍കിയതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനെ കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുഖം രക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 15ന് 200 കോടി രൂപ ധനസഹായം നല്‍കാന്‍ അനുവദിച്ചു. എന്നാല്‍ അതും 458 പേര്‍ക്ക് മാത്രമെ ഇതുവരെ ലഭിച്ചിട്ടുള്ളൂ. 2010 മുതല്‍ ഇക്കാലത്തിനിടെ എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിത പട്ടികയില്‍ ഉള്‍പ്പെട്ട 734 പേര്‍ മരിച്ചു.

ദുരിതം സഹിക്കാനാവാതെ കഴിഞ്ഞ മാസം ഒരു വീട്ടമ്മ രോഗബാധിതയായ കുട്ടിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തിരുന്നു. എന്നിട്ടും സര്‍ക്കാര്‍ കണ്ണ് തുറന്നില്ല. സര്‍ക്കാര്‍ വിഷമഴ പെയ്യിച്ച് മാറാരോഗികളും നിരാശ്രയരുമാക്കപ്പെട്ട ദുരിതബാധിതര്‍ക്ക് സുപ്രിം കോടതി പ്രഖ്യാപിച്ചിട്ട് പോലും അര്‍ഹമായ നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാരിന്റെ മെല്ലെപ്പോക്കിനെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും ജോണ്‍സണ്‍ കണ്ടച്ചിറ വാര്‍ത്താക്കുറുപ്പില്‍ മുന്നറിയിപ്പ് നല്‍കി. 

Tags:    

Similar News