കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഷെയര്‍ ഹോള്‍ഡറാണെന്ന് പറഞ്ഞ് തട്ടിപ്പ്; കൊല്ലം സ്വദേശി പിടിയില്‍
പ്രതിയുടെ വാഗ്ദ്ധാനത്തില്‍പ്പെട്ട് പണം നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്ന പെരുമ്പാവൂര്‍ സ്വദേശി അനൂപ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടത്തി വരികയായിരുന്നു.
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഷെയര്‍ ഹോള്‍ഡറാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കൊല്ലം സ്വദേശി അറസ്റ്റില്‍. കൊല്ലം പുനലൂര്‍ സ്വദേശി റെജിയാണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച് പ്രതിയെ അഹമ്മാദാബാദ് വിമാനത്താവളത്തില്‍ വെച്ചാണ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിടികൂടി പെരുമ്പാവൂര്‍ പോലിസിന് കൈമാറിയത്.
വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് റെജി യുവാക്കളില്‍ നിന്നും പണം തട്ടിയത്. നിരവധി യുവാക്കളില്‍ നിന്നും ഇയാള്‍ ഈ പേരില്‍ മുപ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. പ്രതിയുടെ വാഗ്ദ്ധാനത്തില്‍പ്പെട്ട് പണം നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്ന പെരുമ്പാവൂര്‍ സ്വദേശി അനൂപ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം നടത്തി വരികയായിരുന്നു.
റെജി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മനസിലാക്കിയ പോലിസ് ഇയാള്‍ രക്ഷപെടാതിരിക്കാന്‍ എല്ലാ വിമാനത്താവളത്തിലേയും എമിഗ്രേഷന്‍ വിഭാഗത്തിന് സന്ദേശം അയച്ചിരുന്നു.