പ്രചാരണം കൊഴുപ്പിക്കാന്‍ ബിജെപി; അമിത്ഷായും യോഗിയും കേരളത്തിലേക്ക്

ഫെബ്രുവരി 12 മുതല്‍ മാര്‍ച്ച് രണ്ടുവരെ സംഘടിപ്പിക്കുന്ന ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായാണ് ദേശീയ നേതാക്കള്‍ കേരളത്തിലെത്തുന്നത്.

Update: 2019-02-12 11:23 GMT

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ പാലക്കാടും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പത്തനംതിട്ടയിലും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കും. ഫെബ്രുവരി 12 മുതല്‍ മാര്‍ച്ച് രണ്ടുവരെ സംഘടിപ്പിക്കുന്ന ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായാണ് ദേശീയ നേതാക്കള്‍ കേരളത്തിലെത്തുന്നത്.

14ന് പത്തനംതിട്ടയിലെത്തുന്ന യോഗി ആദിത്യനാഥ് തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട ലോക്‌സഭ മണ്ഡലങ്ങളിലെ ശക്തികേന്ദ്ര ഇന്‍ ചാര്‍ജുമാരുടെ യോഗത്തില്‍ പങ്കെടുക്കും. പാലക്കാട് ജില്ലയിലെത്തുന്ന അമിത് ഷാ ആലത്തൂര്‍, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ യോഗങ്ങളിലും പങ്കെടുക്കും. ഇതുകൂടാതെ, പ്രധാനമന്ത്രി നരേന്ദ്രമോദി ബൂത്ത്തല പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിങിലൂടെ സംവദിക്കും. 26ന് മഹിളാ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ കമല്‍ജ്യോതി പ്രതിജ്ഞ സംഘടിപ്പിച്ചിട്ടുണ്ട്. അന്നുതന്നെയാണ് മോദിയുടെ വീഡിയോ കോണ്‍ഫറന്‍സ് വഴിയുളള സംവാദം.

മാര്‍ച്ച് രണ്ടിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ബൈക്ക് റാലി ജില്ലാ തലങ്ങളില്‍ സംഘടിപ്പിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 'എന്റെ കുടുംബം ബിജെപി കുടുംബം' എന്നപേരില്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ പാര്‍ട്ടി പതാക ഉയര്‍ത്തുകയും സ്റ്റിക്കര്‍ പതിക്കുകയും ചെയ്യും. സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളളയുടെ കോഴിക്കോടുള്ള വീട്ടില്‍ ഇന്നുരാവിലെ പരിപാടിയുടെ ഉദ്ഘാടനവും നടന്നു. 

Tags:    

Similar News