കശ്മീരില്‍ അതീവ ഗുരുതര സാഹചര്യമെന്ന് രാഹുല്‍ ഗാന്ധി; ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നു

അവിടെ നിന്ന് വരുന്ന റിപോര്‍ട്ടുകളുടെ കാര്യത്തില്‍ വളരെ ആശങ്കയുണ്ട്. കശ്മീരില്‍ എന്താണ് സംഭവിക്കുന്നതെന്നു ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്-രാഹുല്‍ പറഞ്ഞു.

Update: 2019-08-11 06:22 GMT

ന്യൂഡല്‍ഹി: കശ്മീരിലെ സ്ഥിതിഗതികള്‍ വളരെ മോശമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് രാഹുല്‍ ഗാന്ധി. നിരവധി അക്രമങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നതായും വിവരമുണ്ട്‌. അവിടെ നിന്ന് വരുന്ന റിപോര്‍ട്ടുകളുടെ കാര്യത്തില്‍ വളരെ ആശങ്കയുണ്ട്. കശ്മീരില്‍ എന്താണ് സംഭവിക്കുന്നതെന്നു ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്-രാഹുല്‍ പറഞ്ഞു. ശനിയാഴ്ച്ച കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി യോഗത്തിലേക്ക് ഇക്കാര്യം ചര്‍ച്ച ചെയ്യാനായി തന്നെ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് വര്‍ക്കിങ് കമ്മിറ്റി യോഗം നടന്നുകൊണ്ടിരിക്കേയാണ് കശ്മീരിനെക്കുറിച്ച് വളരെ ആശങ്കാജനകമായ റിപോര്‍ട്ടുകള്‍ ലഭിച്ചത്. അതേ തുടര്‍ന്ന് യോഗം നിര്‍ത്തിവച്ച് അക്കാര്യം ചര്‍ച്ച ചെയ്യുകയായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, കശ്മീരിലെ സ്ഥിതി കലുഷിതമാണെന്ന റിപോര്‍ട്ടുകള്‍ ശ്രീനഗര്‍ പോലിസും ജമ്മു കശ്മീര്‍ പോലിസും നിഷേധിച്ചു. കശ്മരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്നും തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ നിയന്ത്രണം താല്‍ക്കാലികമായി എടുത്തകളഞ്ഞിട്ടുണ്ടെന്നും ശ്രീനഗര്‍ പോലിസ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ജമ്മു കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് അവകാശപ്പെട്ടു. ചെറിയ തോതിലുള്ള കല്ലേറ് അതത് സ്ഥലങ്ങളില്‍ തന്നെ കര്‍ശനമായി കൈകാര്യം ചെയ്യുകയും മുളയിലേ നുള്ളിക്കളയുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News