കര്‍ണാടക: വിമത എംഎല്‍എമാരുടെ രാജിയില്‍ അന്തിമതീരുമാനം ഇന്നുണ്ടായേക്കും

ബിജെപിയെ പിന്തുണക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടെന്ന് മുതിര്‍ന്ന ജെഡിഎസ് നേതാവും മുന്‍ മന്ത്രിയുമായ ജി ടി ദേവഗൗഡ പറഞ്ഞു

Update: 2019-07-27 02:52 GMT

ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ വീഴ്ചയ്ക്കു കാരണമായ കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും സ്പീക്കര്‍ ഇന്ന് അന്തിതീരുമാനമെടുത്തേക്കും. അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെ മൂന്ന് വിമത എംഎല്‍എമാര്‍ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. തിങ്കളാഴ്ച യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്നതിനു മുന്നോടിയായി തീരുമാനമെടുക്കാനാണു സാധ്യത. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ അയോഗ്യരാക്കാനാണു സാധ്യത കൂടുതല്‍. രമേഷ് ജര്‍കിഹോളി, മഹേഷ് കുമട്ഹള്ളി, ആര്‍ ശങ്കര്‍ എന്നിവരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെ വിമത എംഎല്‍എമാര്‍ ആശങ്കയിലാണ്. അയോഗ്യരാക്കപ്പെട്ടാല്‍ യെദ്യൂരപ്പ സര്‍ക്കാരില്‍ ഭാഗമാവാനാവാത്തത് കനത്ത തിരിച്ചടിയാവും. രാജിനല്‍കിയവരുടെ കത്ത് സ്പീക്കര്‍ സ്വീകരിക്കുകയും അയോഗ്യരാക്കുകയും ചെയ്താലും 105 അംഗങ്ങളുള്ള ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാനാവും. അയോഗ്യരാക്കപ്പെട്ട മൂന്ന് എംഎല്‍എമാരാണ് സ്പീക്കറുടെ നടപടിക്കെതിരേ സുപ്രിംകോടതിയെ സമീപിച്ചത്.

    അതിനിടെ, പുതിയ സര്‍ക്കാരിനോടുള്ള നിലപാടില്‍ ജെഡിഎസ് എംഎല്‍എമാര്‍ക്കിടയിലുള്ള ഭിന്നതയും മറനീക്കി പുറത്തുവരുന്നുണ്ട്. ബിജെപിയെ പിന്തുണക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടെന്ന് മുതിര്‍ന്ന ജെഡിഎസ് നേതാവും മുന്‍ മന്ത്രിയുമായ ജി ടി ദേവഗൗഡ പറഞ്ഞു. പ്രതിപക്ഷത്തിരിക്കുക, അല്ലെങ്കില്‍, ബിജെപിയെ പിന്തുണക്കുക എന്നീ നിലപാടുകളില്‍ ഏതുവേണം എന്ന് കുമാരസ്വാമി തീരുമാനിക്കുമെന്നും ഇക്കാര്യത്തില്‍ ചിലര്‍ക്ക് ഭിന്നാഭിപ്രായമുണ്ടെന്നും ദേവഗൗഡ പറഞ്ഞു. എന്നാല്‍, കോണ്‍ഗ്രസുമായി സഖ്യം തുടരുമെന്നാണ് ജെഡിഎസ് നേരത്തേ വ്യക്തമാക്കിയത്. മാത്രമല്ല, ബിജെപി നേതാവ് യെദിയൂരപ്പ മുഖ്യമന്ത്രിയായി ചുമലയേറ്റെടുക്കുന്ന ചടങ്ങ് കോണ്‍ഗ്രസിനൊപ്പം ജെഡിഎസ് ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News