മരിച്ചവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് ആർസിബി

Update: 2025-06-05 10:56 GMT

ബംഗളൂരു: ആർസിബി വിജയാഘോഷത്തിനിടെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ജീവൻ നഷ്ടപ്പെട്ട 11 പേരുടെ കുടുംബത്തിന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. തിക്കിലും തിരക്കിലും പരിക്കേറ്റ എല്ലാവരുടെയും ചികിൽസയ്ക്കായി ഒരു ആർസിബി കെയേഴ്‌സ് ഫണ്ട് രൂപീകരിക്കാനും ഫ്രാഞ്ചൈസി തീരുമാനിച്ചു. പ്രഖ്യാപനം സംബന്ധിച്ച വിശദാംശങ്ങൾ ആർസിബി എക്സിൽ പങ്കുവെച്ചു

"ഇന്നലെ ബെംഗളൂരുവിൽ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവം ആർ‌സി‌ബിക്ക് വളരെയധികം വേദനയുണ്ടാക്കുന്ന ഒന്നാണ്. ആദരവിന്റെയും ഐക്യദാർഢ്യത്തിന്റെയും അടയാളമായി, മരിച്ചവരുടെ കുടുംബങ്ങൾക്ക് ആർ‌സി‌ബി 10 ലക്ഷം രൂപ വീതം സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. കൂടാതെ, ഈ ദാരുണമായ സംഭവത്തിൽ പരിക്കേറ്റ ആരാധകരെ സഹായിക്കുന്നതിനായി ആർ‌സി‌ബി കെയേഴ്‌സ് എന്ന പേരിൽ ഒരു ഫണ്ടും രൂപീകരിക്കും.

ആരാധകർ എപ്പോഴും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടായിരിക്കും. ഈ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുകയാണ്." ആർസിബി എക്സിൽ കുറിച്ചു.

18 വർഷത്തെ കാത്തിരിപ്പിന് ശേഷം ആർ‌സി‌ബി ആദ്യമായി ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) കിരീടം നേടിയതിന്റെ ആഘോഷത്തിനിടെ ഇന്നലെയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.

Tags: