ഇത് ഈ ഇരുണ്ട കാലത്തെ പ്രതീക്ഷയുടെ വെളിച്ചം ; മമതയ്ക്കും സ്റ്റാലിനും സിദ്ധരാമയ്യക്കും നന്ദി പറഞ്ഞ് മെഹബൂബ മുഫ്തി

Update: 2025-04-12 10:58 GMT

ശ്രീനഗര്‍: വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ നിലപാട് സ്വീകരിച്ച പശ്ചിമ ബംഗാള്‍, തമിഴ്നാട്, കര്‍ണാടക മുഖ്യമന്ത്രിമാര്‍ക്ക് നന്ദി പറഞ്ഞ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) മേധാവി മെഹബൂബ മുഫ്തി. വഖ്ഫ് നിയമത്തിനെതിരേയുള്ള ഈ സര്‍ക്കാറുകളുടെ നിലപാടിനെ ഇരുണ്ട കാലത്തെ പ്രതീക്ഷയുടെ വെളിച്ചം എന്നാണ് മുഫ്തി വിശേഷിപ്പിച്ചത്.പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് അവര്‍ കത്തെഴുതി.

'വഖ്ഫ് ഭേദഗതി ബില്ലിനെതിരായ ധീര നിലപാടിന് ഹൃദയംഗമമായ നന്ദി പ്രകടിപ്പിച്ചുകൊണ്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. ഏതൊരു തരത്തിലുള്ള വിയോജിപ്പും കൂടുതല്‍ കൂടുതല്‍ കുറ്റകൃത്യങ്ങളാക്കി മാറ്റുന്ന ഇന്നത്തെ ഇന്ത്യയില്‍ അവരുടെ അസന്ദിഗ്ധമായ ശബ്ദങ്ങള്‍ ശുദ്ധവായു ശ്വസിക്കുന്നതു പോലെയാണ്.' മുഫ്തി എക്‌സില്‍ കുറിച്ചു.

രാജ്യത്തെ ഏക മുസ് ലിം ഭൂരിപക്ഷ പ്രദേശമായ ജമ്മു കശ്മീരിലെ നിവാസികള്‍ എന്ന നിലയില്‍, ഈ ഇരുണ്ടതും വെല്ലുവിളി നിറഞ്ഞതുമായ സമയങ്ങളില്‍ നിങ്ങളുടെ നിലപാട് ഞങ്ങള്‍ക്ക് ആശ്വാസവും പ്രചോദനവും ഉണ്ടാക്കുന്നതാണെന്നും അവര്‍ വ്യക്തമാക്കി.

നമ്മുടെ മതസ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തുന്ന പുതിയ വഖ്ഫ് നിയമങ്ങള്‍ ഏകപക്ഷീയമായി നടപ്പിലാക്കുന്നതിലൂടെ ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ് ലിംകള്‍, സമീപകാലത്ത് അനുഭവിച്ച ദുരിതകളെക്കുറിച്ചും അവര്‍ പറഞ്ഞു. ഇതു പോലെയുള്ള നേതൃത്വവും പിന്തുണയും ഉണ്ടെങ്കില്‍, നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭരണഘടനാ മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമെന്നും അവര്‍ കൂട്ടിചേര്‍ത്തു.




Tags: