ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് മെഹബൂബ മുഫ്തി

ഇന്ത്യ വിഭജനത്തെ തള്ളിക്കളയുകയും ഇന്ത്യയോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യാനുള്ള ജമ്മു കശ്മീര്‍ നേതാക്കളുടെ തീരുമാനത്തിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയാനുള്ള ഇന്ത്യാ സര്‍ക്കാരിന്റെ ഏകപക്ഷീയ തീരുമാനം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്.

Update: 2019-08-05 06:55 GMT

ശ്രീനഗര്‍: ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണ് ഇന്നെന്ന് മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള തീരുമാനമത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ വിഭജനത്തെ തള്ളിക്കളയുകയും ഇന്ത്യയോട് ചേര്‍ന്ന് നില്‍ക്കുകയും ചെയ്യാനുള്ള ജമ്മു കശ്മീര്‍ നേതാക്കളുടെ തീരുമാനത്തിന് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയാനുള്ള ഇന്ത്യാ സര്‍ക്കാരിന്റെ ഏകപക്ഷീയ തീരുമാനം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഇന്ത്യയെ ജമ്മുകശ്മീരില്‍ അധിനിവേശ ശക്തിയായി പരിഗണിക്കാന്‍ ഇതു കാരണമാവുമെന്നും അവര്‍ പറഞ്ഞു.

രാജ്യത്ത് വലിയ ദുരന്തത്തിന് ഈ തീരുമാനം വഴിവയ്ക്കുമെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. കേന്ദ്രത്തിന്റെ ഉദ്ദേശ്യം വ്യക്തമാണ്. ജനങ്ങളെ ഭീതിയിലാക്കി ജമ്മു കശ്മീരിന്റെ ഭൂമി സ്വന്തമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പവിത്ര കേന്ദ്രമായ പാര്‍ലമെന്റില്‍ വിശ്വാസമര്‍പ്പിച്ച ഞങ്ങളെപ്പോലുള്ളവരെയാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വഞ്ചിച്ചത്. ഇന്ത്യയുടെ ഭരണഘടനയെ തള്ളിക്കളയുകയും യുഎന്‍ പ്രമേയം ആവശ്യപ്പെടുകയും ചെയ്തവരെ കുറ്റവിമുക്തമാക്കുകയും ചെയ്ത തീരുമാനമാണിത്. കശ്മീരികളുടെ അന്യവല്‍ക്കരണ ബോധം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനം കാരണമാവുമെന്ന് മെഹബൂബ മുഫ്തി ചൂണ്ടിക്കാട്ടി. 

Tags: