ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞു; സംസ്ഥാനം വിഭജിക്കും

ജമ്മു കശ്മീരിനെ വിഭജിക്കാനുള്ള നിര്‍ദേശവും അമിത്ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടായാണ് വിഭജിക്കുക.

Update: 2019-08-05 06:22 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കി. ഇതു സംബന്ധമായ പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്യസഭയില്‍ അവതരിപ്പിച്ചു. ഇതോടെ ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാകും. ജമ്മു കശ്മീരിനെ വിഭജിക്കാനുള്ള നിര്‍ദേശവും അമിത്ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. ജമ്മു കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടായാണ് വിഭജിക്കുക. ജമ്മു കശ്മീരിനെ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായും ലഡാക്കിനെ നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായുമാണ് വിഭജിക്കുക.

കശ്മീരിന് പ്രത്യേക പദവികള്‍ വാഗ്ദാനം ചെയ്യുന്ന ഭരഘടനയിലെ താല്‍ക്കാലിക അനുഛേദമാണ് ആര്‍ട്ടിക്കിള്‍ 370. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുക എന്നത് ബിജെപി ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതും തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ്.



പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെയാണ് അമിത് രാജ്യസഭയില്‍ മന്ത്രിസഭയുടെ ശുപാര്‍ശ അവതരിപ്പിച്ചത്. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം തുടങ്ങിയ കാര്യങ്ങളിലൊഴികെ ബാക്കി ഏത് നിയമം നടപ്പാക്കുന്ന കാര്യത്തിലും കേന്ദ്രം ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന് നിര്‍ദേശിക്കുന്ന വകുപ്പാണ് ആര്‍ട്ടിക്കിള്‍ 370.

കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസളില്‍ അഭ്യൂഹം നിലനിന്നിരുന്നു. ഇതിന്റെഭാഗമായി കശ്മീരിലെ സുരക്ഷാക്രമീകരണങ്ങള്‍ കേന്ദ്രം ശക്തമാക്കുകയും കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തു.



 സ്‌കൂളുകളും മറ്റുവിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി. വിനോദസഞ്ചാരികളോടും അമര്‍നാഥ് യാത്രികരോടും കശ്മീര്‍ വിടാന്‍ നിര്‍ദേശിച്ചു. ഞായറാഴ്ച രാത്രിയോടെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കുകയും ചെയ്തു. ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി, സാജിദ് ലോണ്‍ തുടങ്ങിയ നേതാക്കളെയാണ് വീട്ടുതടങ്കലിലാക്കിയത്. 


Tags: