അഞ്ച് മാസത്തിനു ശേഷം കശ്മീരില്‍ എസ്എംഎസ് സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നു

ആശുപത്രികളിലെ ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് സര്‍വ്വീസുകളും ഇന്ന് രാത്രിയോടെ പുനഃസ്ഥാപിക്കും.

Update: 2019-12-31 12:58 GMT

ന്യൂഡല്‍ഹി: കശ്മീരില്‍ മൊബൈല്‍ എസ്എംഎസ് സര്‍വീസുകള്‍ ഇന്ന് രാത്രിയോടെ പുനസ്ഥാപിക്കും. റദ്ദാക്കി അഞ്ച് മാസത്തിനു ശേഷമാണ് എസ്എംഎസ് സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇന്ന് രാത്രി മുതലായിരിക്കും പുതിയ ഉത്തരവ് നിലവില്‍ വരിക. ആശുപത്രികളിലെ ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് സര്‍വ്വീസുകളും ഇന്ന് രാത്രിയോടെ പുനഃസ്ഥാപിക്കും.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന്റെ ഭാഗമായി ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയതിനു പിന്നാലെയാണ് ആഗസ്റ്റ് 5 ന് ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ സര്‍ക്കാര്‍ ഉത്തരവു പ്രകാരം റദ്ദാക്കിയത്. സാമൂഹികവിരുദ്ധര്‍ സര്‍ക്കാരിനെതിരേ സംഘടിക്കുന്നത് തടയാനായിരുന്നു ഈ നീക്കമെന്നാണ് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം.

കേന്ദ്രഭരണപ്രദേശമായ കശ്മീരിന്റെ ഔദ്യോഗിക വക്താവായ രോഹിത് കന്‍സല്‍ ആണ് മൊബൈല്‍ എസ്എംഎസ്സുകള്‍ റദ്ദാക്കിയ നടപടി പിന്‍വലിക്കാനുള്ള തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്.

ജമ്മു കശ്മീരിലെ ലഖന്‍പൂര്‍ പോസ്റ്റിലെ ചരക്ക് നികുതി ഇന്നത്തോടെ പിന്‍വലിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി രോഹിത് അറിയിച്ചു. മേഖലയിലെ ചരക്ക് വ്യാപാരികളുടെയും ട്രക്ക് ഉടമസ്ഥരുടെയും ദീര്‍ഘകാലമായ ഒരു ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. ഇക്കാര്യമുന്നയിച്ച് കശ്മീര്‍ ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഒരു വര്‍ഷം മുമ്പ് പ്രതിഷേധ സമരവും നടത്തിയിരുന്നു.

ആഗസ്റ്റ് 5 ാം തിയ്യതി നടപ്പാക്കിയ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ അഞ്ച് പ്രധാന രാഷ്ട്രീയപ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം കരുതല്‍ തടവില്‍ നിന്ന് മോചിപ്പിച്ചിരുന്നു. എന്നാല്‍ മുന്‍മുഖ്യമന്ത്രിമാരായ മൂന്നുപേര്‍ ഇപ്പോഴും തടവിലാണ്. ഫറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങിയവരാണ് ഇപ്പോഴും തടവില്‍ കഴിയുന്ന മുന്‍മുഖ്യമന്ത്രിമാര്‍. പല പ്രതിപക്ഷ നേതാക്കളും തടവില്‍ കഴിയുന്നുണ്ട്.

അനുച്ഛേദം 370 പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിക്കുന്നതനു മണിക്കൂറുകള്‍ക്കു മുന്നേ തന്നെ പല രാഷ്ട്രീയനേതാക്കളും അറസ്റ്റിലായിരുന്നു.




Tags:    

Similar News