യുഎപിഎ ചുമത്തി ജയിലിലടച്ച കശ്മീരി മാധ്യമപ്രവര്‍ത്തകനെ വിട്ടയക്കാന്‍ ഹൈക്കോടതി ഉത്തരവ്

Update: 2023-12-14 08:19 GMT

ശ്രീനഗര്‍: യുഎപിഎ ചുമത്തി ജയിലിലടച്ച കശ്മീരി മാധ്യമപ്രവര്‍ത്തകന്‍ ആസിഫ് സുല്‍ത്താനെ വിട്ടയക്കാന്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി ഉത്തരവ്. ആസിഫ് സുല്‍ത്താനെ തടങ്കലിലാക്കിക്കൊണ്ട് ശ്രീനഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഏര്‍പ്പെടുത്തിയ ഉത്തരവ് ജമ്മു കശ്മീര്‍ ഹൈക്കോടതി റദ്ദാക്കി. തടങ്കല്‍ രേഖകളും തെളിവുകളും അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയാണ് ആസിഫ് സുല്‍ത്താനെ ജസ്റ്റിസ് വി സി കൗള്‍ അധ്യക്ഷനായ ബെഞ്ച് വിട്ടയക്കാന്‍ ഉത്തരവിട്ടത്. 2018 ആഗസ്റ്റ് മുതല്‍ ആസിഫ് സുല്‍ത്താന്‍ കസ്റ്റഡിയിലാണ്. അഞ്ചുവര്‍ഷത്തിന് ശേഷമാണ് ഇദ്ദേഹത്തെ വിട്ടയക്കുന്നത്. സൂക്ഷ്മപരിശോധനയില്‍ തടവുകാരന് നല്‍കിയ രേഖകളില്‍ വ്യക്തമായ പോരായ്മ കണ്ടെത്തിയതായും കോടതി ചൂണ്ടിക്കാട്ടി. എഫ്‌ഐആര്‍, സാക്ഷി മൊഴികള്‍, ക്രിമിനല്‍ കേസിലെ നിര്‍ണായകമായ മറ്റ് അന്വേഷണ രേഖകള്‍ തുടങ്ങിയവ പരിശോധിച്ചപ്പോള്‍ ആസിഫ് സുല്‍ത്താനെ പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലില്‍ വയ്ക്കാന്‍ കാരണമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു കേസിലും തടങ്കലില്‍ ആവശ്യമില്ലെങ്കില്‍ ഉടന്‍ തന്നെ അദ്ദേഹത്തെ സ്വതന്ത്രനാക്കണമെന്നാണ് ജസ്റ്റിസ് കൗള്‍ നിര്‍ദേശിച്ചത്. സായുധധാരികളെ ഉപയോഗപ്പെടുത്തുക, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുക തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് മാധ്യമപ്രവര്‍ത്തകനായ ആസിഫ് സുല്‍ത്താനെ കേസെടുത്ത് ജയിലിലടച്ചത്. കശ്മീര്‍ നരേറ്റീവ് എന്ന മാസികയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടെ 2018 ആഗസ്ത് 27നാണ് ആസിഫ് സുല്‍ത്താനെതിരേ കേസെടുത്തത്. യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്.

Tags:    

Similar News