ഷോപിയാനില്‍ സായുധാക്രമണം; രണ്ട് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ കൊല്ലപ്പെട്ടു

Update: 2022-10-18 04:09 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനിലുണ്ടായ സായുധാക്രമണത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ട് കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി ഷോപിയാനിലെ ഹാര്‍മേനിലാണ് ആക്രമണമുണ്ടായത്. പ്രദേശവാസികള്‍ക്ക് നേരേ സായുധര്‍ ഗ്രനേഡ് എറിയുകയായിരുന്നു. മോനിഷ് കുമാര്‍, രാം സാഗര്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രദേശത്തെ ഒരു ഷെഡില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു ഇരുവരും.

ഷെഡില്‍ അഞ്ചോളം തൊഴിലാളികളുണ്ടായിരുന്നെങ്കിലും അവര്‍ രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശിലെ കനൂജ് ജില്ലക്കാരാണ് ഇരുവരും. ആക്രമണത്തിന്റെ ഉത്തരവാദിത്തം റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തു. സംഭവത്തില്‍ ഒരാള്‍ കശ്മീര്‍ സോണ്‍ പോലിസിന്റെ പിടിയിലായിട്ടുണ്ട്. ലഷ്‌കറെ ത്വയ്യിബ പ്രവര്‍ത്തകന്‍ ഇമ്രാന്‍ ബഷീര്‍ ഗാനിയെയാണ് അറസ്റ്റ് ചെയ്തതെന്ന് ഷോപ്പിയാന്‍ പോലിസ് പറഞ്ഞു. റെയ്ഡുകള്‍ തുടരുകയാണ്- ജമ്മു കശ്മീര്‍ പോലിസ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു. പ്രദേശത്ത് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് കശ്മീര്‍ എഡിജിപി അറിയിച്ചു.

ഷോപിയാനില്‍ സാധാരണക്കാര്‍ക്ക് നേരേ ഒരാഴ്ചയ്ക്കിടെ സായുധര്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഒക്ടോബര്‍ 15 ശനിയാഴ്ച ഷോപ്പിയാനിലെ ചൗദരി ഗുണ്ട് ഗ്രാമത്തില്‍ സായുധരുടെ വെടിയേറ്റ് കശ്മീര്‍ പണ്ഡിറ്റ് പൂരണ്‍ കൃഷന്‍ ഭട്ട് കൊല്ലപ്പെട്ടിരുന്നു. കൊലപാതകത്തെത്തുടര്‍ന്ന് ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. സുരക്ഷയ്ക്കായി ജമ്മുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ സമരം നടത്തുന്നത്. തങ്ങളെ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും പണ്ഡിറ്റുകള്‍ പറയുന്നു. 

Tags:    

Similar News