കൊല്ലം റയില്‍വേ സ്‌റ്റേഷനില്‍ പിറ്റ് ലൈനിന്റെ നിര്‍മ്മാണം നടത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍

പിറ്റ് ലൈനിന്‍റെ അഭാവമാണ് കൊല്ലത്ത് നിന്നും പുതിയ ട്രെയിന്‍ ആരംഭിക്കുന്നതിന് തടസ്സം.

Update: 2019-11-19 12:09 GMT

ന്യൂഡല്‍ഹി: കൊല്ലം റയില്‍വേ സ്റ്റേഷനില്‍ പിറ്റ് ലൈനിന്‍റെ നിര്‍മ്മാണം നടത്തുവാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ലോകസഭയില്‍ ആവശ്യപ്പെട്ടു. ചട്ടം 377 പ്രകാരമാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. തിരുവനന്തപുരം എറണാകുളം റയില്‍പാതയും ചെങ്കോട്ട എറണാകുളം റയില്‍പാതയും ഒത്തു ചേര്‍ന്ന ജംഗ്ഷനാണ് കൊല്ലം. കൊല്ലത്തിന്‍റെ വികസനത്തിനായി കൂടുതല്‍ ട്രെയിനുകള്‍ കൊല്ലത്ത് നിന്നും യാത്ര ആരംഭിക്കേണ്ടതുണ്ട്. ട്രെയിനുകളുടെ യാത്ര കൊല്ലത്ത് അവസാനിക്കുന്നതിനും സൗകര്യം ഒരുക്കണം.

പിറ്റ് ലൈനിന്‍റെ അഭാവമാണ് കൊല്ലത്ത് നിന്നും പുതിയ ട്രെയിന്‍ ആരംഭിക്കുന്നതിന് തടസ്സം. കൊല്ലത്തിന്‍റെ വ്യാപാര സാധ്യതയും വിനോദ സഞ്ചാര വികസനവും സാംസ്കാരിക പൈതൃകവും കണക്കിലെടുത്ത് കൂടുതല്‍ ട്രെയിനുകളുടെ സര്‍വ്വീസ് ആരംഭിക്കുന്നതിനും അവസാനിപ്പിക്കുന്നതിനും സൗകര്യമൊരുക്കണം. പിറ്റ് ലൈനുകളുടെ നിര്‍മ്മാണത്തിനായി സ്ഥലം ലഭ്യമാണ്. വിസ്തൃതിയില്‍ ഏറ്റവും വലിയ സ്റ്റേഷനായ കൊല്ലത്ത് പിറ്റ് ലൈന്‍ അനിവാര്യമാണെന്നും നിര്‍മ്മാണം അടിയന്തിരമായി ആരംഭിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ലോകസഭയില്‍ ആവശ്യപ്പെട്ടു. 

എളുപ്പത്തില്‍ മെയിന്റനന്‍സ് ജോലികള്‍ ചെയ്യാവുന്ന തരത്തില്‍ ഉയര്‍ത്തി പണിതീര്‍ത്തിട്ടുള്ള റെയില്‍വേ ലൈനാണ് പിറ്റ്‌ലൈന്‍.


Tags:    

Similar News