അരേക്കാപ്പ് കോളനി റോഡ് നിര്‍മാണം; കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

Update: 2021-11-06 01:06 GMT

തൃശൂര്‍: അതിരപ്പിള്ളി പഞ്ചായത്തിലെ അരേക്കാപ്പ് പട്ടിക വര്‍ഗ കോളനിയില്‍ റോഡ് നിര്‍മ്മിക്കുന്നതുമായിബന്ധപ്പെട്ട് കലക്ടര്‍ ഹരിത വി കുമാര്‍ സ്ഥലം സന്ദര്‍ശിച്ചു.

പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ടു കിടക്കുന്ന അരേക്കാപ്പ് കോളനിയിലേക്ക് റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് പട്ടിക വര്‍ഗ ക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതോടനുബന്ധിച്ചായിരുന്നു കലക്‌റുടെ സന്ദര്‍ശനം. പ്രദേശത്തെ നിലവിലെ സ്ഥിതിഗതികള്‍ കലക്ടര്‍ വിലയിരുത്തി. സനീഷ് കുമാര്‍ ജോസഫ് എംഎല്‍എയും ബന്ധപ്പെട്ട അധികൃതരും കലക്ടറോടൊപ്പമുണ്ടായിരുന്നു.

അതിരപ്പിള്ളി മലക്കപ്പാറയില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെ ഉള്‍ക്കാട്ടിലാണ് 45 കുടുംബങ്ങള്‍ താമസിച്ചു വരുന്നത്. വനാവകാശ നിയമമനുസരിച്ച് ലഭിച്ച 148 ഏക്കര്‍ ഭൂമിയിലെ കൃഷിയും ഇടമലയാര്‍ അണക്കെട്ടില്‍ നിന്നുള്ള മല്‍സ്യബന്ധനവുമാണ് ഇവരുടെ ഉപജീവനമാര്‍ഗം. മലക്കപ്പാറയില്‍ നിന്ന് അരേക്കാപ്പിലേക്ക് റോഡ് നിര്‍മിക്കാന്‍ 20 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി റോഡിന്റെ പ്രാരംഭ പണികള്‍ നവംബര്‍ രണ്ടാം വാരത്തില്‍ ആരംഭിക്കും. റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട സര്‍വ്വേക്കാവശ്യമായ തുക ഉടന്‍ സര്‍ക്കാരില്‍ നിന്ന് അനുവദിക്കും. റോഡ് നിര്‍മാണം പൂര്‍ത്തിയായാല്‍ മാത്രമേ കോളനിയില്‍, വൈദ്യുതി, കുടിവെള്ളം, വീട്, സ്‌കൂള്‍ തുടങ്ങി മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയൂ.

എം എല്‍ എ ഫണ്ട്, തൊഴിലുറപ്പ്, പൊതുമരാമത്ത്, ടി എസ്പി വിഹിതം, തദ്ദേശ വിഹിതം, തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് റോഡ് നിര്‍മാണത്തിന് തുക കണ്ടെത്തുക.

Similar News