കേരള നേറ്റിവിറ്റി കാര്‍ഡ് ബില്ല് നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു

Update: 2026-02-24 05:57 GMT

തിരുവനന്തപുരം: കേരളീയനെന്ന് സംസ്ഥാന സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തി നല്‍കുന്ന 'കേരള നേറ്റിവിറ്റി കാര്‍ഡ് ബില്‍ 2026' നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. റവന്യൂ മന്ത്രി കെ രാജന്‍ ആണ് ബില്ല് സഭയില്‍ അവതരിപ്പിച്ചത്. നിലവില്‍ നല്‍കിവരുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന്റെ മാതൃക ഉള്‍ക്കൊണ്ടായിരിക്കും നേറ്റിവിറ്റി കാര്‍ഡ് നല്‍കുക. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്കും സാമൂഹിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാകുന്ന വിധത്തില്‍ ആധികാരിക രേഖയായി കാര്‍ഡിനെ അംഗീകരിക്കും.

വിദേശ പൗരത്വം സ്വീകരിച്ചവര്‍ക്ക് കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കില്ല. കാര്‍ഡ് ലഭിച്ചതിന് ശേഷം വിദേശ പൗരത്വം സ്വീകരിച്ചാല്‍ കാര്‍ഡ് അസാധുവാകുമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. തൊഴില്‍ സംബന്ധമായോ ജീവനോപാധി സംബന്ധമായ കാരണങ്ങളാലോ മാതാപിതാക്കളോ പൂര്‍വികരോ കേരളത്തിന് പുറത്തായിരിക്കുമ്പോള്‍ അവിടെ ജനിച്ചവരെയും (വിദേശ പൗരത്വം ലഭിക്കാത്തവരെ) നേറ്റീവ് ആയി പരിഗണിക്കും.

തഹസില്‍ദാറായിരിക്കും കാര്‍ഡ് അനുവദിക്കുന്ന അധികാരിയായിരിക്കുക. ഇതുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ വില്ലേജ് ഓഫീസില്‍ സൂക്ഷിക്കും. നിലവിലുള്ള വിവരങ്ങള്‍ക്ക് പുറമേ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിര്‍ദേശിക്കുന്ന അധിക വിവരങ്ങളും കാര്‍ഡില്‍ ഉള്‍പ്പെടുത്തും. വിവിധ വകുപ്പുകളുടെ ആവശ്യങ്ങള്‍ക്ക് മറ്റു രേഖകളോടൊപ്പം ആധികാരിക രേഖയായി നേറ്റിവിറ്റി കാര്‍ഡ് ഉപയോഗിക്കാന്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടാകും. കാര്‍ഡ് ലഭിക്കാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ മൂന്നുമാസം വരെ തടവോ 5,000 രൂപവരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാമെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു.


Tags: