ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും
തിരുവനന്തപുരം: കേരളത്തിലെ 62 ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കള്‍ക്കായി ഫെബ്രുവരി മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. പ്രതിമാസം 2,000 രൂപ വീതമാണ് ഓരോ ഗുണഭോക്താവിനും ലഭിക്കുക. ബാങ്ക് അക്കൗണ്ട് നല്‍കിയിട്ടുള്ള 26.62 ലക്ഷം പേര്‍ക്ക് നേരിട്ടും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി വീടുകളിലും പെന്‍ഷന്‍ എത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് അതത് ബോര്‍ഡുകള്‍ വഴിയായിരിക്കും തുക ലഭ്യമാകുക.
ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട 8.46 ലക്ഷം പേര്‍ക്കുള്ള കേന്ദ്രവിഹിതം ലഭ്യമാകാത്ത സാഹചര്യത്തിലും, ജനങ്ങള്‍ക്ക് പെന്‍ഷന്‍ മുടങ്ങരുതെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് തുക അനുവദിച്ചിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് പ്രതിമാസം 600 രൂപയായിരുന്ന പെന്‍ഷന്‍ തുക ഘട്ടംഘട്ടമായാണ് നിലവിലെ സര്‍ക്കാര്‍ 2,000 രൂപയിലേക്ക് ഉയര്‍ത്തിയത്. കുടിശികയില്ലാതെ എല്ലാ മാസവും കൃത്യമായി പെന്‍ഷന്‍ വിതരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.