കരാര്‍ നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയില്‍ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടകവസ്തുക്കള്‍ വച്ചു; മുന്‍ സൈനികന്‍ അറസ്റ്റില്‍
വഡോദര: റെയില്‍വേ ട്രാക്കില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ച കേസില്‍ മുന്‍ സൈനികനും റെയില്‍വേ കരാറുകാരനുമായ മുഷ്താഖ് ഷെയ്ഖിനെ വഡോദര പോലിസ് അറസ്റ്റ് ചെയ്തു. അങ്കാദ് ഗ്രാമത്തിന് സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് ഇയാള്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചത്.
ട്രാക്കില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ വിവരം രണ്ടുദിവസം മുന്‍പാണ് അധികൃതര്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് ബോംബ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ട്രാക്കില്‍ നാലു 'കോള്‍ഡ് പൈറോ' പടക്കങ്ങള്‍ കെട്ടിവച്ച നിലയിലാണ് കണ്ടെത്തിയത്. വിവാഹചടങ്ങുകള്‍ക്കായി ഉപയോഗിക്കുന്ന ഇത്തരം വസ്തുക്കള്‍ ഒരു ചടങ്ങില്‍ നിന്നാണ് ശേഖരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ട്രാക്കില്‍ സ്‌ഫോടകവസ്തുക്കള്‍ ഉണ്ടെന്ന വിവരം ആദ്യം അധികൃതരെ അറിയിച്ചതും പ്രതിയായ മുഷ്താഖ് തന്നെയാണെന്ന് പോലിസ് വ്യക്തമാക്കി. റെയില്‍വേയുമായുള്ള രണ്ടു വര്‍ഷത്തെ കരാര്‍ ഈ വര്‍ഷം അവസാനിക്കാനിരിക്കെ, ട്രാക്കിലെ അപകടസാധ്യത കണ്ടെത്തി അറിയിച്ചാല്‍ കരാര്‍ പുതുക്കിക്കിട്ടുകയോ പാരിതോഷികം ലഭിക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇയാള്‍ കൃത്യം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. റെയില്‍വേ നിയമപ്രകാരം ട്രാക്കിലെ തകരാറുകളോ അപകടസാധ്യതകളോ സംബന്ധിച്ച വിവരം അധികൃതരെ അറിയിക്കുന്നവര്‍ക്ക് പാരിതോഷികവും പ്രശംസാപത്രവും നല്‍കുന്ന വ്യവസ്ഥ നിലവിലുണ്ട്. ഇത് ലക്ഷ്യമിട്ടാണ് പ്രതി സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതെന്ന് പോലിസ് സംശയിക്കുന്നു.
മനുഷ്യജീവന് ഭീഷണിയുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനും ഗൂഢാലോചന നടത്തിയതിനുമാണ് ഷെര്‍ഖി ഗ്രാമവാസിയായ മുഷ്താഖിനെതിരേ കേസെടുത്തിരിക്കുന്നത്. പിടിച്ചെടുത്ത സ്‌ഫോടകവസ്തുക്കള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സികള്‍ സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
