പാലക്കാട്: ആലത്തൂര്‍ താലൂക്കിലെ കിഴക്കഞ്ചേരി 2 വില്ലേജില്‍ ഓടന്തോട് പടങ്ങിട്ടതോട് റോഡിന് മുകള്‍ ഭാഗത്ത് ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആലത്തൂര്‍ തഹസില്‍ദാര്‍ ബാലകൃഷ്ണന്‍ അറിയിച്ചു. അപകട ഭീഷണി മുന്‍നിര്‍ത്തി കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥലത്തെ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിക്കുന്നതിന് റവന്യൂ വകുപ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് വലിയ അപകടം ഒഴിവാക്കുന്നതിന് സഹായിച്ചു. പ്രദേശത്ത് മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെടുകയും വീടുകളില്‍ വെള്ളം കയറുകയും ചെയ്തിട്ടുണ്ട്. സമീപ പ്രദേശത്തെ 40 കുടുംബങ്ങളെ അടുത്തുള്ള വിആര്‍ടി പള്ളിയിലേക്ക് മാറ്റിയിട്ടുണ്ട്. കിഴക്കഞ്ചേരി 1 വില്ലേജിലെ പാലക്കുഴി മലയോരത്തെ കല്‍ക്കുഴി, പി.സി.എ, വിലങ്ങുംപാറ എന്നിവിടങ്ങളിലെ 16 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് റവന്യൂ വകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ മാറ്റി താമസിപ്പിച്ചു വരികയാണ്. പോലീസും ഫയര്‍ഫോഴ്‌സും കൃത്യ സമയത്ത് സ്ഥലത്ത് എത്തിയിരുന്നു.
ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം പാലക്കാട് സബ് കലക്ടര്‍ ബല്‍പ്രീത് സിങ്, ആലത്തൂര്‍ തഹസില്‍ദാര്‍ ബാലകൃഷ്ണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയചന്ദ്രന്‍, വില്ലേജ് ഓഫീസര്‍മാര്‍മാരായ കൃഷ്ണകുമാരി, മഞ്ജു, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരുടെ സംഘം സന്ദര്‍ശിച്ചു. അപകട സാധ്യത ഉള്ളതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും തഹസില്‍ദാര്‍ അറിയിച്ചു.