കാട്ടുവിഭവങ്ങളില്‍ നിന്ന് ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍; സംരംഭകരായി ആദിവാസി യുവതികള്‍

Update: 2021-10-04 11:50 GMT

തൃശൂര്‍: മുഖസൗന്ദര്യത്തിന് മാറ്റ് കൂട്ടാന്‍ഇനി കാട്ടുവിഭവങ്ങളും. വനത്തിലെ ഔഷധ ഗുണങ്ങള്‍ അടങ്ങിയ ചെടികളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയാണ് ആദിവാസി യുവതികള്‍. മരോട്ടിച്ചാല്‍ കിഴക്കന്‍ കോളനിയിലെ യുവതികളാണ് ഭൂമിക എന്ന സംരംഭത്തിലൂടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച്വിപണനം ചെയ്യുന്നത്. കാട്ടുവിഭവങ്ങളുടെ തനിമ ചോരാതെയാണ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വയം തൊഴിലിന്റെ ഭാഗമായി പട്ടികവര്‍ഗ സ്ത്രീകള്‍ക്കായി ആരംഭിച്ച പദ്ധതിയാണ് ഭൂമിക ആക്ടിവിറ്റി ഗ്രൂപ്പ്. പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ മരോട്ടിച്ചാല്‍, പഴവെള്ളം ആദിവാസി കോളനിയിലെ അഞ്ച് വനിതകളെ കണ്ടെത്തി ആക്ടിവിറ്റി ഗ്രൂപ്പ് രൂപീകരിച്ചാണ് പ്രവര്‍ത്തനം.

ഭൂമികഗ്രൂപ്പിലെ അംഗങ്ങള്‍ ശേഖരിക്കുന്ന പ്രകൃതിദത്തമായ പച്ചമരുന്നുകള്‍ തനതായ രീതിയില്‍ സംസ്‌കരിച്ച് വിവിധ തരം ഉല്‍പ്പന്നങ്ങളാക്കി പൊതുവിപണിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ സബ്‌സിഡിയായി ഗ്രൂപ്പിന് അനുവദിച്ചിട്ടുണ്ട്. താളി, ഹെര്‍ബല്‍ ഷാംപു, ഉരുക്കെണ്ണ, വിവിധങ്ങളായ ആയുര്‍വ്വേദ ചൂര്‍ണ്ണങ്ങള്‍ തുടങ്ങിയവയാണ് വനവിഭവങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്നവ. പൊതുമാര്‍ക്കറ്റ്, കുടുംബശ്രീ ഇക്കോ ഷോപ്പ്, ഹോം ഷോപ്പ് എന്നിവ വഴിയാണ് വിപണനം ചെയ്യുന്നത്. വനവിഭവങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ആവശ്യമുള്ളവര്‍ 9605692689 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Similar News