ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പില്‍ നമീബിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. 93 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ നമീബിയ 116 റണ്‍സിന് പുറത്തായി. വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റെടുത്തു. ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്. ആദ്യ മല്‍സരത്തില്‍ യുഎസ്എയെ ഇന്ത്യ കീഴടക്കിയിരുന്നു.
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ നമീബിയയുടേത് മികച്ച തുടക്കമായിരുന്നു. മുന്‍നിര ബാറ്റര്‍മാര്‍ പവര്‍പ്ലേയില്‍ തകര്‍ത്തടിച്ചു. ആറോവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയിലായിരുന്നു ടീം. ഇന്ത്യന്‍ ബൗളര്‍മാരെ ശ്രദ്ധയോടെയാണ് നമീബിയ നേരിട്ടത്. ഒമ്പതോവറില്‍ ടീം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സിലെത്തി. എന്നാല്‍ പത്താം ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി നമീബിയയെ പ്രതിരോധത്തിലാക്കി. പിന്നീട് മല്‍സരത്തിലേക്ക് തിരിച്ചുവരാന്‍ നമീബിയയ്ക്കായില്ല. ലൗറന്‍ സ്റ്റീന്‍കാംപ്(29), ജാന്‍ ഫ്രൈലിങ്ക്(22), ജെറാര്‍ഡ് ഇറാസ്മസ്(18) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. പിന്നീട് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ നമീബിയയെ വരിഞ്ഞുകെട്ടി. 116 റണ്‍സിന് ടീം കൂടാരം കയറി. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണെടുത്തത്. ഇഷാന്‍ കിഷന്റെയും ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ദ്ധ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. അസുഖബാധിതനായ അഭിഷേക് ശര്‍മയ്ക്ക് പകരം പാഡണിഞ്ഞ സഞ്ജു സാംസണ് അവസരം മുതലാക്കാനായില്ല.വെടിക്കെട്ടോടെ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും പെട്ടെന്ന് തന്നെ അണഞ്ഞു. എട്ട് പന്തില്‍നിന്ന് 22 റണ്‍സാണ് സഞ്ജു നേടിയത്. മൂന്ന് സിക്‌സറുകളും ഒരു ഫോറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.
പിന്നാലെ നമീബിയന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഇഷാന്‍ കിഷന്‍ 24 പന്തില്‍നിന്ന് 61 റണ്‍സ് നേടി. ആറാം ഓവറില്‍ ജെജെ സ്മിത് എറിഞ്ഞ ആറാം ഓവറില്‍ നാല് സിക്‌സറുകളും ഒരു ഫോറുമാണ് ഇഷാന്‍ കിഷന്‍ അടിച്ചെടുത്തത്. 28 പന്തില്‍നിന്ന് ഹര്‍ദിക് പാണ്ഡ്യ 52 റണ്‍സ് നേടി. ശിവം ദുബെ 16 പന്തില്‍ നിന്ന് 23 റണ്‍സെടുത്തു. അതോടെ ടീം 200 കടന്നു. നമീബിയയ്ക്കായി ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇറാസ്മസ് നാലുവിക്കറ്റെടുത്തു.
