ബെംഗളൂരു: കര്‍ണാടക ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ ബൈരതി ബസവരാജ് അറസ്റ്റില്‍. കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വ്യാഴാഴ്ച അഹമ്മദാബാദില്‍നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ എംഎല്‍എയെ അറസ്റ്റ് ചെയ്തതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ബസവരാജിന്റെ വരവിനായി പോലീസ് സംഘം കാത്തുനിന്നിരുന്നു.
കൊലപാതക കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ബസവരാജ് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളി മണിക്കൂറുകള്‍ക്കകമാണ് പോലിസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. 2025 ജൂലൈ 15-ന് ഭാരതി നഗറില്‍ നാല്‍പതുകാരനായ ശിവപ്രകാശ് എന്ന ബിക്കു ശിവുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് കേസ്. കേസിലെ അഞ്ചാം പ്രതിയാണ് ബസവരാജ്.
പ്രതികള്‍ കാറിലെത്തി ശിവപ്രകാശിനെ അമ്മയുടെ മുന്നില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. കിത്തഗനൂര്‍ പ്രദേശത്തെ ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട ദീര്‍ഘകാലമായി നിലനിന്നിരുന്ന തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.