തൃശൂര്‍ നഗരത്തില്‍ ഉയരുന്നു വിദ്യാഭ്യാസ ബൃഹത് സമുച്ചയം

Update: 2021-09-22 04:17 GMT

തൃശൂര്‍: വിവിധ വിദ്യാഭ്യാസ കാര്യാലയങ്ങള്‍ അടങ്ങിയ വിദ്യാഭ്യാസ ബൃഹത് സമുച്ചയം തൃശൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് നിര്‍മിക്കാനൊരുങ്ങുന്നു. നിലവില്‍ തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്താണ് പുതിയ സമുച്ചയം നിര്‍മിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സമുച്ചയ നിര്‍മാണം ആരംഭിക്കുന്നത്.

നിലവില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസ് സ്ഥിതിചെയ്യുന്ന കോമ്പൗണ്ടിനകത്ത് തൃശൂര്‍ ഈസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസ്, തൃശൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസ്, ഡി എസ് എം എ എന്നീ ഓഫീസുകള്‍ കൂടാതെ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ സ്‌റ്റോറും സ്ഥിതിചെയ്യുന്നുണ്ട്. തൃശൂര്‍ ഈസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസ് ഇവിടെയാണ് സ്ഥിതി ചെയ്തിരുന്നതെങ്കിലും അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ഇപ്പോള്‍ ഇത് കലട്രേറ്റിനുള്ളിലാണ് പ്രവര്‍ത്തിക്കുന്നത്. നാലുമാസം മുമ്പ് ഈ കോമ്പൗണ്ടിനകത്തുളള ഉപജില്ല വിദ്യാഭ്യാസ ഓഫീസ് കെട്ടിടത്തിന്റെ ഒരു ഭാഗം കാറ്റിലും മഴയിലും ഇടിഞ്ഞു വീണിരുന്നു. നിലവില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടവും ജീര്‍ണാവസ്ഥയിലാണ്.

മുന്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാറിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഈ കെട്ടിട സമുച്ചയത്തിന് ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ വകയിരുത്തിയത്. കെട്ടിടനിര്‍മാണത്തിന് അഞ്ചുകോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. നാലു നിലകളിലായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, തൃശൂര്‍ ഈസ്റ്റ് വെസ്റ്റ് ഉപജില്ലാ ഓഫീസുകള്‍, സമഗ്ര ശിക്ഷ കേരള ജില്ലാ ഓഫീസ്, കൈറ്റ് എന്നീ ഓഫീസുകള്‍ക്ക് സൗകര്യമുണ്ടാകും. സെല്ലാര്‍ ഉള്‍പ്പടെ വിപുലമായ പാര്‍ക്കിംഗ് സംവിധാനമുള്ള കെട്ടിടത്തില്‍ ലിഫ്റ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടാകും. 500 പേര്‍ക്ക് ഇരിക്കാവുന്ന വലിയ ഹാള്‍ ഉള്‍പ്പെടെ രണ്ടു ഹാളുകളും ഉണ്ടാകും.

പുതിയ സ്ഥാപന സമുച്ചയ നിര്‍മാണത്തിന്റെ ഭാഗമായി നിലവിലുള്ള സ്ഥാപനങ്ങള്‍ തൊട്ടടുത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറ്റും. തൃശൂര്‍ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലേക്കാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസ് മാറ്റുന്നത്. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസും ഡി എസ് എം എ ഓഫീസും അവിടെതന്നെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കും. തകര്‍ന്നു വീഴാത്ത പഴയ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന്റെ ഒരു ഭാഗത്ത് സൂക്ഷിച്ചു വെച്ചിട്ടുള്ള ഫയലുകളും മറ്റും ഗവ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് മാറ്റും. ഫയലും അലമാരകളും മാറ്റുന്ന ജോലികള്‍ കഴിഞ്ഞദിവസം ആരംഭിച്ചു. പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍, ഈസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി എം ബാലകൃഷ്ണന്‍, ജില്ലാ വികസന സമിതി അംഗങ്ങളായ ജെയിംസ് പോള്‍, ലിജോ ലൂയീസ്, ജയകൃഷ്ണന്‍, സൂപ്രണ്ട് രാംകുമാര്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിട സമുച്ചയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകും. നിലവില്‍ കലക്ടറേറ്റില്‍ സ്ഥിതി ചെയ്യുന്ന തൃശൂര്‍ ഈസ്റ്റ് ഉപജില്ലാ ഓഫീസ് അവിടെ നിന്നും മാറ്റണമെന്ന് ജില്ലാ കലക്ടറുടെ നിര്‍ദേശം നിലവിലുണ്ട്. ഇപ്പോള്‍ ഒളരി ഗവ യു പി സ്‌കൂളില്‍ സ്ഥിതി ചെയ്യുന്ന, തൃശൂര്‍ വെസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസും ജീര്‍ണാവസ്ഥയിലാണ് സ്ഥിതിചെയ്യുന്നത്. സ്ഥാപന സമുച്ചയം വരുന്നതോടെ ഈ രണ്ടു ഓഫീസുകളുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് സമ്പൂര്‍ണ ഇ ഓഫീസ് സംവിധാനത്തിലേക്ക് മാറിയെങ്കിലും മറ്റു സൗകര്യങ്ങളുടെ അപര്യാപ്തതയും ഓഫീസ് പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായാണ് കെട്ടിട സമുച്ചയം വരുന്നതെന്ന് തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍ അറിയിച്ചു.

അടിക്കുറിപ്പ്: പഴയ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന്റെ ഒരു ഭാഗത്ത് സൂക്ഷിച്ചു വെച്ചിട്ടുള്ള ഫയലുകള്‍ ഗവ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലേക്ക് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ നേതൃത്വത്തില്‍ നീക്കം ചെയ്യുന്നു.

Similar News