കടലോരവാസികള്‍ക്ക് സ്വന്തം ഹാര്‍ബര്‍; മുനക്കക്കടവ് ഫിഷ് ലാന്റിങ് സെന്റര്‍ ഹാര്‍ബര്‍ ആക്കി ഉയര്‍ത്തും

Update: 2021-09-20 19:23 GMT

തൃശൂര്‍: തീരദേശ മേഖലയായ ചാവക്കാട് താലൂക്കിലെ മുനക്കക്കടവ് ഫിഷ് ലാന്റിങ് സെന്റര്‍ ഹാര്‍ബര്‍ ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചു. ഫിഷ് ലാന്റിങ് സെന്ററിനെ ആശ്രയിച്ച് ജീവിക്കുന്ന പ്രദേശവാസികളായ ആയിരത്തില്‍പ്പരം കുടുംബങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു സെന്ററിനെ ഹാര്‍ബറാക്കി ഉയര്‍ത്തണമെന്നത്. നിലവിലെ ഫിഷ് ലാന്റിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത് 88 സെന്റ് സ്ഥലത്താണ്. ഹാര്‍ബറാക്കി ഉയര്‍ത്തണമെങ്കില്‍ കുറഞ്ഞത് രണ്ടര ഏക്കര്‍ സ്ഥലമെങ്കിലും ആവശ്യമാണ്. അതിനാലാണ് പരിസരത്തെ സ്ഥലം ഏറ്റെടുത്ത് ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തീരുമാനിച്ചത്.

ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ട നടപടികള്‍ ആരംഭിക്കുന്നതിനായി ഫിഷറീസ്, ഹാര്‍ബര്‍, റവന്യു, ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ എന്നിവരുമായിഎന്‍ കെ അക്ബര്‍ എംഎല്‍എ യോഗം വിളിച്ചു ചേര്‍ത്തു. സ്ഥലമുടമകളുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളും അനുഭാവപൂര്‍വ്വം പരിഗണിച്ച് സ്ഥലം ഏറ്റെടുക്കാനാണ് തീരുമാനം. ഹാര്‍ബര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ജൂണ്‍ രണ്ടിന് ഫിഷറീസ് ആന്റ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി സജി ചെറിയാന് എന്‍ കെ അക്ബര്‍ എംഎല്‍എ നിവേദനം നല്‍കിയിരുന്നു. സെപ്റ്റംബര്‍ 16ന് മന്ത്രി നേരിട്ടെത്തി സ്ഥലം സന്ദര്‍ശിച്ചു.

ഫിഷ് ലാന്റിങ് സെന്റര്‍ ഹാര്‍ബറാക്കി ഉയര്‍ത്തണമെന്നും അതിനോടനുബന്ധിച്ച് പുതിയ ലേലപ്പുര, പ്ലാറ്റ്‌ഫോം, ശുചിമുറി സമുച്ചയം, വാഹന പാര്‍ക്കിംഗ് ഏരിയ എന്നിവ നിര്‍മ്മിക്കുക, ലേലപ്പുരയിലെ റ്റിയൂബ് ലൈറ്റുകള്‍ മാറ്റി എല്‍ഇഡി ലൈറ്റുകളാക്കുക, ടൈല്‍സ് പുതുക്കി സ്ഥാപിക്കുക, ഫിഷ് ലാന്റിങ് സെന്ററിലെ മിനി മാസ്റ്റ് ലൈറ്റ് എല്‍ഇഡിയാക്കി മാറ്റുക, നിലവിലെ ലേലപ്പുരയിലെ രണ്ട് ലേലത്തറകള്‍ പൊളിച്ചുമാറ്റി സൗകര്യങ്ങള്‍ ഉണ്ടാക്കുക, വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാട്ടുകാര്‍ മന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. മുനക്കക്കടവ് ഫിഷ് ലാന്റിങ് സെന്ററില്‍ സമഗ്ര വികസനം നടപ്പിലാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹാര്‍ബറാക്കി ഉയര്‍ത്താനുള്ള നടപടികള്‍ ആരംഭിക്കുന്നത്.

ഇതോടെ മുനക്കകടവ് ഫിഷ് ലാന്റിങ് സെന്ററിനെ ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ഉപജീവന മാര്‍ഗത്തിനാണ് ആശ്വാസമാകുന്നത്. സ്ഥലം ഏറ്റെടുക്കലിന് മുന്നോടിയായി പരിസരത്തെ പുറംമ്പോക്ക് സ്ഥലം കണ്ടെത്തുന്നതിന് സര്‍വ്വെ നടത്തുന്നതിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഫിഷ് ലാന്റിങ് സെന്ററിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ കടല്‍ഭിത്തികളുടേയും പുലിമുട്ടുകളുടേയും നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി മാജാ ജോസ്, ഹാര്‍ബര്‍ എഞ്ചിനിയറിംങ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ പി വി പാവന, എ ഇ മാരായ കെ സി രമ്യ, എം കെ സജീവന്‍, ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവരുടെ പൂര്‍ണ സഹകരണത്തോടെയാണ് ഹാര്‍ബര്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്.

Similar News