കുളവെട്ടി മരങ്ങള്‍ക്ക് കരുതലായി എളവള്ളി ഗ്രാമപ്പഞ്ചായത്ത്

Update: 2021-08-27 05:20 GMT

തൃശൂര്‍: വംശനാശ ഭീഷണി നേരിടുന്ന കുളവെട്ടി മരങ്ങള്‍ക്ക് ആവാസവ്യവസ്ഥ ഒരുക്കി മാതൃകയായി എളവള്ളി പഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ ചതുപ്പ് സ്വഭാവമുള്ള സ്ഥലം കണ്ടെത്തി കുളവെട്ടി മരങ്ങളെ വെച്ചുപിടിപ്പിക്കാനായി സംസ്ഥാന തലത്തില്‍ തന്നെ ആദ്യമായി പദ്ധതി തയ്യാറാക്കിയതും ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം നേടിയതും എളവള്ളി ഗ്രാമപഞ്ചായത്താണ്.

ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ കണിയാംതുരുത്തിലും മണിച്ചാല്‍ തോടിന്റെ ഇരുകരകളിലുമായാണ് കുളവെട്ടി തൈകള്‍ വെച്ചുപിടിപ്പിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്തിന്റെ 2019-20 സാമ്പത്തിക വര്‍ഷത്തെ തനത് ഫണ്ട് ഇനത്തില്‍ 35,298 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. എന്നാല്‍ 4300 രൂപ മാത്രമാണ് ഈ പദ്ധതിക്ക് ആകെ ചെലവ് വന്നത്. പദ്ധതി തയ്യാറാക്കിയെങ്കിലും നടാന്‍ പാകത്തിലുള്ള തൈകള്‍ ലഭിക്കുക എന്നതായിരുന്നു വലിയ വെല്ലുവിളി. വിപണികളിലൊന്നും ഇവയുടെ തൈകള്‍ ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്വന്തമായി ഇതിന്റെ തൈകള്‍ മുളപ്പിച്ചെടുക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് കുളവെട്ടിമരങ്ങള്‍ പൂക്കുന്നത്. പൂവിനുശേഷം ഉണ്ടാകുന്ന പഴങ്ങളുടെ വിത്തുകള്‍ ശേഖരിച്ച് ചതുപ്പു സ്വാഭവമുള്ള മണ്ണില്‍ ശാസ്ത്രീയ പരിചരണം നല്‍കി മുളപ്പിച്ചെടുത്തും പരീക്ഷണാടിസ്ഥാനത്തില്‍ കമ്പുകള്‍ നട്ടും തൈകള്‍ തയ്യാറാക്കിയത് ഗ്രാമപഞ്ചായത്ത് മുന്‍ അസിസ്റ്റന്റ് സെക്രട്ടറി എം കെ ആല്‍ഫ്രെഡാണ്. തൃശൂര്‍ സെന്റ് തോമസ് കോളേജ് സസ്യശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ പി വി ആന്റോയുടെ വിദഗ്ധ ഉപദേശവും പദ്ധതിക്ക് ലഭിച്ചു.

പദ്ധതി ആരംഭിച്ചതോടെ തൈകളുടെ പരിപാലനത്തിന് പുറമെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് 116 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചെടുക്കാനായി. ഹരിതകേരളം മിഷന്റെ കുളവെട്ടി പച്ചതുരുത്തായും ഇത് ശ്രദ്ധ നേടി. ഇതിന്റെ തുടര്‍ പദ്ധതിയായാണ് കണിയാംതുരുത്തിലുള്ള മണിച്ചാല്‍ പുഴയുടെ വശങ്ങളില്‍ കുളവെട്ടി മരങ്ങള്‍ വെച്ചു പിടിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. വംശനാശ ഭീഷണി നേരിടുന്ന കുളവെട്ടി മരങ്ങള്‍ക്ക് ആവാസവ്യവസ്ഥ ഒരുക്കുന്നതിനൊപ്പം ലോക ജൈവ ഭൂപടത്തിലേയ്ക്ക് കുളവെട്ടി മരങ്ങളെ സംഭാവന ചെയ്യുകയാണ് എളവള്ളി ഗ്രാമപഞ്ചായത്ത്. ഇത്തരത്തില്‍ ജൈവ-ജല സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്നത്.

Similar News