ദിനപ്പത്രങ്ങളിലെ പരസ്യത്തിന് മുന്‍കൂര്‍ അനുമതി തേടണം; തിരഞ്ഞെടുപ്പ് കമ്മീഷന്‍

Update: 2021-04-02 09:26 GMT

തൃശൂര്‍: തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും തലേ ദിവസമായ ഏപ്രില്‍ 5നും ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ(എം.സി.എം.സി) അംഗീകാരം നേടണമെന്ന്് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വ്യക്തികളും നല്‍കുന്ന പരസ്യങ്ങള്‍ക്ക് ഈ നിബന്ധന ബാധകമാണ്.

കലക്ടറേറ്റ് ഒന്നാം നിലയില്‍ എം.സി.എം സി മീഡിയ സര്‍ട്ടിഫിക്കേഷന്‍ വിഭാഗത്തില്‍ നിന്നാണ് പരസ്യങ്ങള്‍ക്കുള്ള മുന്‍കൂര്‍ അനുമതി തേടേണ്ടത്. ഏപ്രില്‍ മൂന്നു വരെ എല്ലാദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 5 മണിവരെ അപേക്ഷകള്‍ സ്വീകരിക്കും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയ്‌ക്കൊപ്പം പരസ്യത്തിന്റെ ഉള്ളടക്കം അടങ്ങിയ രണ്ട് സി ഡി, പ്രിന്റൗട്ട് എന്നിവ നല്‍കണം. സോഷ്യല്‍ മീഡിയ, റേഡിയോ തുടങ്ങിയ എല്ലാ മാധ്യമങ്ങളിലൂടെയുമുള്ള പരസ്യങ്ങള്‍ക്കും എം.സി.എം.സിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.

Similar News