ആക്രമണം ഉണ്ടായത് ഒരേസമയം ഇറാനിലെ തിരഞ്ഞെടുത്ത 30 കേന്ദ്രങ്ങളില്‍

Update: 2026-02-28 11:13 GMT

തെഹ്‌റാന്‍:ഒരേസമയം ഇറാനിലെ തിരഞ്ഞെടുത്ത 30 കേന്ദ്രങ്ങളിലാണ് യുഎസ്-ഇസ്രായേല്‍ ആക്രമണം ഉണ്ടായതെന്ന് റിപ്പോര്‍ട്ട്. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്റെ കൊട്ടാരവും ഇറാന്‍ പരമോന്നത നേതാവ് ഖമനയിയുടെ ഓഫിസുമടക്കമാണ് ആക്രമിക്കപ്പെട്ടത്. അതേസമയം, ആക്രമണം ഏശിയിട്ടില്ലെന്നും പ്രസിഡന്റ് പെസഷ്‌കിയന്‍ തന്റെ ജോലികള്‍ തുടരുന്നുവെന്നുമാണ് ഹിസ്ബുല്ല അനുകൂല മാധ്യമമായ അല്‍നാറിന്റെ റിപ്പോര്‍ട്ട്.

പെസഷ്‌കിയന് പരുക്കേറ്റിട്ടില്ലെന്ന് ഇറാന്റെ വാര്‍ത്താ ഏജന്‍സിയായ മെഹ്‌റും ട്വീറ്റ് ചെയ്തിട്ടുണ്ട്. ടെഹ്‌റാന്റെ വടക്ക് കിഴക്കന്‍ നഗരങ്ങളാണ് പ്രധാനമായും ലക്ഷ്യമായതെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട ചെയ്യുന്നു. ഇറാന്റെ ഇന്റലിജന്‍സ് കാര്യാലയം, പ്രതിരോധ മന്ത്രാലയം, ഇറാന്റെ അറ്റോമിക് എനര്‍ജി ഏജന്‍സിയുടെ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും ആക്രമണം ഉണ്ടായി. ഖമനയി നേരത്തേ തന്നെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയിരുന്നു. ഉഗ്ര സ്‌ഫോടനങ്ങള്‍ വിവിധയിടങ്ങളില്‍ ഉണ്ടായതായി ജനങ്ങളും സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.

സമാധാനത്തിന്റെ പാതയില്‍ ഇറാന്‍ വരാതിരുന്നതിനാലാണ് ആക്രമിക്കേണ്ടി വന്നതെന്നും നിലനില്‍പ്പിന് തന്നെ ഇറാന്‍ ഭീഷണി ഉയര്‍ത്തുന്നുവെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ആഴ്ചകള്‍ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഇറാനെ ആക്രമിച്ചതെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.

ആയുധം വച്ച് കീഴടങ്ങണമെന്നും അല്ലെങ്കില്‍ മരണമെന്നുമായിരുന്നു ഇറാന്‍ സൈന്യത്തിന് ട്രംപിന്റെ മുന്നറിയിപ്പ്. കടല്‍മാര്‍ഗവും ആകാശമാര്‍ഗവുമാണ് ഇറാനെ ആക്രമിച്ചെതന്നാണ് യുഎസ് സ്ഥിരീകരിക്കുന്നത്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും ആയുധപ്പുരകളും മിസൈല്‍ കേന്ദ്രങ്ങളും നിര്‍മൂലമാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ആക്രമണം ദിവസങ്ങളോളം നീണ്ടുനില്‍ക്കുമെന്നും അമേരിക്ക അറിയിച്ചു.

കഴിഞ്ഞ ജൂണിലാണ് 12 ദിവസം നീളുന്ന യുദ്ധത്തില്‍ ഇറാനെ ഇസ്രയേലും അമേരിക്കയും ആക്രമിച്ചത്. അന്ന് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് അമേരിക്ക ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉള്‍പ്പടെ പ്രയോഗിച്ചത്.





Tags: