അഞ്ച് അറബ് രാജ്യങ്ങളുടെ പരമാധികാര ലംഘനം; ഇറാനെതിരേ ശക്തമായി അപലപിച്ച് സൗദി അറേബ്യ

Update: 2026-02-28 11:17 GMT

റിയാദ്: യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നീ അഞ്ച് അറബ് രാജ്യങ്ങളുടെ പരമാധികാരത്തെ ലംഘിച്ചുവെന്നാരോപിച്ച് ഇറാനെതിരേ സൗദി അറേബ്യ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും സ്വതന്ത്ര രാഷ്ട്രങ്ങളുടെ പരമാധികാരത്തിന്റെയും നഗ്‌നമായ ലംഘനമാണ് ഇറാന്റെ നടപടിയെന്ന് സൗദി ആരോപിച്ചു. ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍, ഇറാന്റെ ഇടപെടലുകള്‍ മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി. ഇത്തരം നടപടികള്‍ക്ക് കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്നും സൗദി മുന്നറിയിപ്പ് നല്‍കി. ഇറാന്റെ ആക്രമണാത്മക നിലപാടിനെതിരേ യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്ക് പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി സൗദി അറിയിച്ചു. സുരക്ഷാ സാഹചര്യം നേരിടുന്നതിനായി രാജ്യത്തിന്റെ എല്ലാ ശേഷികളും സജ്ജമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യങ്ങളുടെ പരമാധികാരത്തില്‍ ഇടപെടുന്നത് മേഖലയുടെ സമാധാനത്തെയും സുരക്ഷയെയും തകര്‍ക്കുന്ന പ്രവണതയാണെന്ന് സൗദി വിലയിരുത്തി. ഇറാന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നിയമലംഘനങ്ങളെ അപലപിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് മുന്നോട്ടുവരണമെന്നും സൗദി ആവശ്യപ്പെട്ടു. മേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനായി ഇറാനെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. മേഖലയിലെ സുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതിനായി അയല്‍രാജ്യങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുമെന്ന നിലപാടിലാണ് സൗദി അറേബ്യ.

Tags: