എയര്‍ ഇന്ത്യ, ഇന്‍ഡിഗോ ഉള്‍പ്പെടെ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചു
ദുബയ്: പശ്ചിമേഷ്യയില്‍ സുരക്ഷാ സാഹചര്യം പരിഗണിച്ച് വിവിധ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി ഔദ്യോഗികമായി അറിയിച്ചു. നേരത്തേ തന്നെ ഖത്തര്‍ എയര്‍വേയ്‌സും തുര്‍ക്കിഷ് എയര്‍ലൈനുകളും പശ്ചിമേഷ്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാന പരിഗണനയെന്ന് വിമാനക്കമ്പനികള്‍ വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ ചില പ്രദേശങ്ങളിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ആ മേഖലയിലെ എല്ലാ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി എയര്‍ ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സുരക്ഷാ സാഹചര്യം നിരന്തരം വിലയിരുത്തുന്നതായും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. ബാധിതരായ യാത്രക്കാര്‍ക്ക് ആവശ്യമായ സഹായവും പുനക്രമീകരണ സൗകര്യങ്ങളും നല്‍കുമെന്നും അറിയിച്ചു.
ഇന്ന് രാത്രി 12 മണിവരെയാണ് പശ്ചിമേഷ്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നതെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുന്‍ഗണനയെന്നും സാഹചര്യം തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസും ഗള്‍ഫ് മേഖലയിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി അറിയിച്ചു. യാത്രക്കാര്‍ തങ്ങളുടെ വിമാനങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കുകയും ബന്ധപ്പെടാനുള്ള വിവരങ്ങള്‍ കൃത്യമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്‍, ഇറാഖ്, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ വ്യോമപാതകള്‍ അടച്ചു. ഇതോടെ ഈ മേഖലയിലൂടെ സഞ്ചരിച്ചിരുന്ന നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. തുടര്‍ന്ന് യുഎഇയും ഖത്തറും താല്‍ക്കാലികമായി വ്യോമപാതകള്‍ അടയ്ക്കുന്നതായി അറിയിച്ചതോടെ ഗള്‍ഫ് മേഖലയിലെ വ്യോമഗതാഗത്തെ അത് ബാധിച്ചു. വിമാനസര്‍വീസുകളുടെ പുതുക്കിയ വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് യാത്രക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
