ബൈക്കിലെത്തിയ യുവാവ് മുറ്റമടിക്കുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു
കോഴിക്കോട്: ബൈക്കിലെത്തിയ യുവാവ് മുറ്റമടിക്കുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്നു. പെരുമണ്ണ അരിയായില്‍ അജയന്റെ ഭാര്യ അജിതയുടെ മൂന്നേകാല്‍ പവനോളം വരുന്ന സ്വര്‍ണമാലയാണ് പിടിച്ചപറിച്ചത്.
പെരുമണ്ണ അരിയായില്‍ താഴം റോഡിനോട് ചേര്‍ന്നുള്ള വീടിന്റെ മുറ്റം അടിച്ചു വരുന്നതിനിടെ മുഖം മറിച്ച് ബൈക്കിലെത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലിസും തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. കറുത്ത ടീഷര്‍ട്ടും പാന്റ്‌സുമാണ് മോഷ്ടാവ് ധരിച്ചിരുന്നതെന്ന് വീട്ടമ്മ പറഞ്ഞു. പന്തീരാങ്കാവ് പോലിസ് അന്വേഷണം ആരംഭിച്ചു.