ആന്ധ്രാപ്രദേശില്‍ പടക്കനിര്‍മാണ ശാലയില്‍ വന്‍ തീപിടിത്തം: 20 പേര്‍ മരിച്ചു

Update: 2026-02-28 17:08 GMT

വിശാഖപട്ടണം : ആന്ധ്രപ്രദേശില്‍ പടക്കനിര്‍മാണ ശാലയില്‍ വന്‍ തീപിടിത്തം. 20 പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആന്ധ്രയിലെ കാക്കിനാഡയിലാണ് തീപിടിത്തം ഉണ്ടായത്. സംഭവത്തില്‍ 20 പേര്‍ മരിച്ചതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചുവെന്ന് കാക്കിനാഡ പോലിസ് സൂപ്രണ്ട് ജി ബിന്ദു മാധവ് പിടിഐയോട് പറഞ്ഞു.

കാക്കിനട ജില്ലയിലെ വെറ്റ്ലപാലം ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന സൂര്യശ്രീ പടക്കശാലയിലാണ് സ്ഫോടനം നടന്നത്. ഇന്ന് ഉച്ചയ്ക്കാണ് സ്ഫോടനം നടന്നത്. മരിച്ചവര്‍ കൂടുതലും സ്ത്രീകളാണെന്ന് പോലിസ് സ്ഥിരീകരിച്ചു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അപകടത്തിന്റെ അവലോകനം നടത്തി. രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. അടിയന്തര സഹായം നല്‍കണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടു. അപകട സ്ഥലം സന്ദര്‍ശിക്കാന്‍ മന്ത്രിമാരോടും മുതിര്‍ന്ന ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.