ട്വന്റി-20 ലോകകപ്പ്; വിട്ടുകൊടുക്കാതെ ലങ്ക, ജയിച്ചിട്ടും സെമി കാണാതെ പാകിസ്താന്‍ പുറത്ത്, ന്യൂസിലന്റ് സെമിയില്‍

Update: 2026-02-28 17:33 GMT

കൊളംബോ: ട്വന്റി-20 ലോകകപ്പ് സെമിയില്‍ പ്രവേശിച്ച് ന്യൂസിലന്റ്. ഇന്ന് നടന്ന സൂപ്പര്‍ എട്ടിലെ പാകിസ്താന്‍-ശ്രീലങ്ക മല്‍സരത്തില്‍ പാകിസ്താന്‍ ജയിച്ചെങ്കിലും പുറത്താവുകയായിരുന്നു. ലങ്കയ്‌ക്കെതിരേ വന്‍ മാര്‍ജിനില്‍ ഉള്ള ജയമായിരുന്നു പാകിസ്താന് വേണ്ടത്. എന്നാല്‍ അവസാനം വരെ പൊരുതിയാണ് ശ്രീലങ്ക പാകിസ്താനോട് പരാജയപ്പെട്ടത്.

പാകിസ്താനൊപ്പം ശ്രീലങ്കയും സെമി കാണാതെ പുറത്തായി. അവസാന പന്ത് വരെ മല്‍സരം ത്രില്ലടിപ്പിച്ചുവെങ്കിലും ജയം പാകിസ്താനൊപ്പമായിരുന്നു. അഞ്ച് റണ്‍സിനാണ് പാകിസ്താന്റെ ജയം. പാകിസ്താന്‍ ഉയര്‍ത്തിയ 213 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ലങ്കയെ 147 റണ്‍സിന് പിടിച്ചുകെട്ടിയാല്‍ മാത്രമേ പാകിസ്താന് സെമി സാധ്യത ഉണ്ടായിരുന്നുള്ളൂ.

എന്നാല്‍ മികച്ച പോരാട്ടം പുറത്തെടുത്ത് ലങ്ക പാകിസ്താന്റെ സെമി പ്രതീക്ഷകള്‍ തള്ളികളയുകയായിരുന്നു. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്റ് എന്നിവരാണ് സെമിയില്‍ പ്രവേശിച്ച മറ്റ മൂന്ന് ടീമുകള്‍. നാളെ നടക്കുന്ന ഇന്ത്യ-വെസ്റ്റഇന്‍ഡീസ് മല്‍സരത്തില്‍ മികച്ച മാര്‍ജിനില്‍ ഉള്ള ജയം നേടിയാല്‍ ഇന്ത്യക്ക് സെമി സാധ്യത ഉണ്ട്.




Tags: