ഇന്ത്യ ജനാധിപത്യ രാജ്യമല്ലാതായി മാറുന്നു: രാഹുല്‍ഗാന്ധി

Update: 2021-03-23 01:27 GMT

കായംകുളം: ഇന്ത്യ ജനാധിപത്യ രാജ്യമല്ലാതായി മാറുന്നു എന്നത് നിഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണെന്ന് രാഹുല്‍ ഗാന്ധി. യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ രമേശ് ചെന്നിത്തല, എം ലിജു, അരിത ബാബു എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ കായംകുളത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ഇന്ത്യ ജനാധിപത്യ രാജ്യമല്ലാതായി മാറി എന്ന അന്താരാഷ്ട്ര സംഘടനകളുടെ ആരോപണം ഇന്ത്യക്കാരന്‍ എന്ന നിലയില്‍ വിഷമമുണ്ടാക്കുന്നതാണെങ്കിലും നിഷേധിക്കാന്‍ കഴിയാത്ത വസ്തുതയാണ്. ഭരണകൂടത്തിന്റെ തണലില്‍ രാജ്യം സ്വതന്ത്രമല്ലാതായി മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ മതവിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെടുന്നു. ഗൗരി ലങ്കേശിനെ പോലെയുള്ളവര്‍ വധിക്കപ്പെടുന്നു. രാജ്യത്തെ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തോടെ പുറത്ത് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. വിദേശികളായ ടൂറിസ്റ്റുകള്‍ ഇന്ത്യയെ ഭയത്തോടെ നോക്കി കാണുകാണുകയാണ്. ഇവിടേക്ക് വരാന്‍ അവര്‍ ഭയപ്പെടുന്നു. യുവാക്കളുടെ ഭാവി സുരക്ഷിതമാക്കുക എന്നത് രാജ്യത്തിന്റെ അടിസ്ഥാനപരമായ തത്വമാണെന്നിരിക്കെ ഊര്‍ജസ്വലരും ബുദ്ധിശാലികളുമായ യുവതലമുറ തൊഴില്‍ രഹിതരായി മാറപ്പെട്ടുകൊണ്ടിരിക്കുന്നു. തൊഴില്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. നമ്മുടെ ഏറ്റവും വലിയ ശക്തി ഏറ്റവും വലിയ ദൗര്‍ബല്യമായി മാറിയിരിക്കുന്നു. നമ്മുടെ ഐക്യവും സനേഹവും സമാധാനവുമെല്ലാം ഇല്ലാതായികൊണ്ടിരിക്കുകയാണ്.ദുര്‍ഭരണത്താല്‍ തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തെ ജനാധിപത്യവും മതേതരത്വവും സമാധാനവും തിരികെ കൊണ്ടുവരാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട് വരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Similar News