കല്‍പ്പറ്റ: കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയോരത്ത് കല്‍പ്പറ്റ വെള്ളാരംകുന്നിന് സമീപം ലോറിയിടിച്ചുതകര്‍ന്ന ബഹുനിലക്കെട്ടിടം പൊളിച്ചുനീക്കി. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കോഴിക്കോട് നിന്ന് സിമന്റുമായി ബത്തേരിയിലേക്ക് വന്ന ലോറി കെട്ടിടത്തിനകത്തേക്ക് ഇടിച്ചുകയറിയത്. തകര്‍ന്ന ലോറിയുടെ ക്യാബിനില്‍ കുടുങ്ങിയ ലോറി ഡ്രൈവര്‍ കോഴിക്കോട് മീഞ്ചന്ത അരീക്കാട് പാലാട്ട് വീട്ടില്‍ ഗൗതമിനെ ക്യാബിന്‍ മുറിച്ചുമാറ്റിയാണ് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത്. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്.
കെട്ടിടത്തിലിടിക്കുന്നതിന് മുമ്പ് ടെമ്പോ ട്രാവലറിലും ലോറിയിടിച്ചിരുന്നു. പതിനാറാളംപേര്‍ ടെമ്പോ ട്രാവലറില്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും ഗുരുതരപരിക്കില്ല.
കോഫീഷോപ്പും ലോഡ്ജും പ്രവര്‍ത്തിച്ചിരുന്ന നാലുനില കെട്ടിടമാണ് തകര്‍ന്നത്. റോഡിന് താഴെ ബേസ്‌മെന്റിലും ഒന്നാംനിലയിലുമായി കോഫി ഷോപ്പും മറ്റു രണ്ടുനിലകളില്‍ ടൂറിസ്റ്റ് ഹോമുമാണ് പ്രവര്‍ത്തിച്ചത്. അപകടസമയത്ത് കോഫീ ഷോപ്പിലും ടൂറിസ്റ്റ് ഹോമിലും അതിഥികള്‍ ഉണ്ടായിരുന്നില്ല. കെട്ടിടത്തിന്റെ മുകള്‍നിലയില്‍ ഉറങ്ങിക്കിടന്ന ജീവനക്കാര്‍ക്കും പരിക്കുകളില്ല. ഏകദേശം മൂന്നുകോടിരൂപയുടെ നഷ്ടമാണ് കെട്ടിട ഉടമകള്‍ പ്രാഥമികമായി കണക്കാക്കുന്നത്.
ലോറി ഇടിച്ചുകയറി കെട്ടിടത്തിന്റെ മൂന്നു തൂണുകള്‍ തകര്‍ന്നു. ഇതോടെയാണ് കെട്ടിടം ഒരുവശത്തേക്ക് ചെരിഞ്ഞുതുടങ്ങിയത്. ഏഴുമണിയോടെ കെട്ടിടത്തിന്റെ ഒന്നാംനില കാണാനാവാത്തവിധം ഒരുവശത്തേക്ക് ചെരിഞ്ഞു. ഇതോടെ അപകടസാധ്യത മനസിലാക്കിയ ജില്ലാഭരണകൂടം കെട്ടിടം പൊളിച്ചുനീക്കാന്‍ തീരുമാനിക്കുകയായിരുന്നു. കെട്ടിടത്തിന് സമീപത്ത് രാവിലെമുതല്‍ തന്നെ ഗതാഗതം നിരോധിച്ചു. കെട്ടിടം പൊളിച്ചുനീക്കുന്നതിന് മുന്നോടിയായി 200 മീറ്റര്‍ ചുറ്റളവില്‍ വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.
