അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സിമ്പോസിയം ഇന്ന്

Update: 2021-02-09 04:37 GMT

കോഴിക്കോട്: ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ സ്‌പൈസസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സിമ്പോസിയം 'സിംസാക് ത' കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ സഹമന്ത്രി പര്‍ഷോത്തം ഭായ് രൂപാല ഇന്ന് ഉദ്ഘാടനം ചെയ്യും. സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധ വിളകളും എന്നവിഷയത്തിലുള്ള സിമ്പോസിയം സുഗന്ധവ്യഞ്ജനങ്ങള്‍ മറ്റുസുഗന്ധ സസ്യങ്ങള്‍ ഔഷധ സസ്യങ്ങള്‍ എന്നിവയുടെ ഗവേഷണ മേഖലയിലെ നേട്ടങ്ങളെക്കുറിച്ചു ചര്‍ച്ചചെയ്യും.സിമ്പോസിയത്തില്‍ കൃഷി, കര്‍ഷകക്ഷേമ സഹമന്ത്രി കൈലാഷ് ചൗധരി വിശിഷ്ടാതിഥിയാകും. കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ ഡയറക്ടറും ഐ.സി.എ.ആര്‍ ഡയറക്ടര്‍ ജനറലുമായ ഡോ. ത്രിലോചന്‍ മൊഹാപാത്ര അധ്യക്ഷത വഹിക്കും.

നാലുദിവസം നീണ്ടുനില്‍ക്കുന്ന സിമ്പോസിയത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

അമേരിക്കയിലെ ഓഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ രത്തന്‍ലാല്‍ പോഷക സുരക്ഷയ്ക്കായി കാര്‍ബണ്‍ ക്രമീകരണം എന്ന വിഷയത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തും. ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹോങ് തി ലിയന്‍, അജ്മീറിലുള്ള നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ സീഡ് സ്‌പൈസസ് ഡയറക്ടര്‍ ഡോ. ഗോപാല്‍ ലാല്‍, ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. രമ, അടയ്ക്ക സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ഹോമി ചെറിയാന്‍, വേള്‍ഡ് സ്‌പൈസ് ഓര്‍ഗനൈസഷന്‍ കേരള ചെയര്‍മാന്‍ രാംകുമാര്‍ മേനോന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.

ഐ.സി.എ.ആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (എച്ച്എസ്) ഡോ. എ.കെ. സിംഗ്, കേരള സുഗന്ധവ്യഞ്ജന ബോര്‍ഡ് സെക്രട്ടറിയും ചെയര്‍മാനുമായ ഡി. സത്യന്‍, ഐ.സി.എ ആര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ (എച്ച്എസ്‌ഐ) ഡോ വിക്രമാദിത്യപാണ്ഡെ, ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ സ്‌പൈസസ് പ്രസിഡന്റും സിംസാക് ജനറല്‍ ചെയര്‍മാനുമായ ഡോ. സന്തോഷ് ജെ. ഈപ്പന്‍ എന്നിവര്‍ ചടങ്ങിനെ അഭിസംബോധന ചെയ്യും.

Similar News