പരപ്പനങ്ങാടി: 13 കോടി യോളം രൂപ ചെലവിട്ടു നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്തിങ്ങല്‍ പാലം അടുത്ത മാസം അഞ്ചിന് ഗതാഗതത്തിനായി തുറന്നുകൊടുക്കും. അഞ്ചിന് വെള്ളിയാഴ്ച രാവിലെ 10.40 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം നടത്തും. പാലത്തിങ്ങല്‍ അങ്ങാടിയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പി കെ അബ്ദുറബ്ബ് എംഎല്‍എ അധ്യക്ഷത വഹിക്കും.
നാടുകാണി പരപ്പനങ്ങാടി പാതയില്‍ പുതുതായി നിര്‍മിച്ച പാലം തിരൂരങ്ങാടി പരപ്പനങ്ങാടി മുനിസിപ്പാലിറ്റികള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. പരപ്പനങ്ങാടി നാടുകാണി പാതയില്‍ പാലത്തിങ്ങളിലെ പഴയ പാലത്തിനു സമാന്തരമായി നിര്‍മ്മിച്ച പുതിയ പാലത്തിനു 110 മീറ്റര്‍ നീളവും നടപ്പാത അടക്കം 11 മീറ്റര്‍ വീതിയുമാണ് ഉള്ളത്. പാലത്തിന്റെ ഇരു വശങ്ങളിലുമായി പണിത നടപ്പാതക്ക് ഒന്നര മീറ്റര്‍ വീതമാണ് വീതിയുള്ളത് . ഊരാളുങ്കല്‍ സൊസൈറ്റി ആയിരുന്നു കരാര്‍ ഏറ്റെടുത്തത്.