ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം; യുഎഇയില്‍ മൂന്നുമരണം

Update: 2026-03-01 14:23 GMT

അബുദാബി: ഇറാന്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ ഗള്‍ഫില്‍ നാല് മരണം. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), കുവൈത്ത് എന്നീ രാജ്യങ്ങളിലായാണ് മരണം. വ്യോമാക്രമണത്തില്‍ യുഎഇയില്‍ മൂന്നുപേര്‍ മരിച്ചു. മരിച്ചവര്‍ പാകിസ്താന്‍, നേപ്പാള്‍, ബംഗ്ലാദേശ് സ്വദേശികളാണെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണങ്ങളില്‍ ഇതുവരെ 58 പേര്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാല് ജീവനക്കാര്‍ക്കും, സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ജനവാസ മേഖലകളിലും മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

കുവൈത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ കുവൈറ്റ് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അല്‍ യുസഫ് അല്‍ സബാ സന്ദര്‍ശിച്ചു. രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം ആക്രമണങ്ങളെ അതിശക്തമായി പ്രതിരോധിക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച ഇറാന്റെ 137 ബാലിസ്റ്റിക് മിസൈലുകളില്‍ 132 എണ്ണവും 209 ഡ്രോണുകളില്‍ 195 എണ്ണവും തകര്‍ക്കാന്‍ സേനയ്ക്ക് സാധിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആകെ 541 ഡ്രോണുകളില്‍ 311 എണ്ണവും 165 ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും വ്യോമസേന വിജയകരമായി തടഞ്ഞു. എന്നാല്‍, 21 ഡ്രോണുകള്‍ ജനവാസ കേന്ദ്രങ്ങളില്‍ പതിച്ചതായി മന്ത്രാലയം അറിയിച്ചു.

ആക്രമണങ്ങളെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി യുഎഇയിലെ വിദ്യാലയങ്ങളും സര്‍വ്വകലാശാലകളും മാര്‍ച്ച് നാലുവരെ ഓണ്‍ലൈനായാണ് പ്രവര്‍ത്തിക്കുക. ദുബായ്, അല്‍ മക്തൂം വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്.