മൂന്നുപതിറ്റാണ്ടിനൊടുവില്‍ ആദിവാസികള്‍ക്ക് ഭൂമിക്ക് അവകാശം

Update: 2020-12-25 01:41 GMT

തൃശൂര്‍: പീച്ചി വനാന്തരങ്ങളില്‍ വര്‍ഷങ്ങളായി കുടിയിറക്കു ഭീഷണിയുമായി കഴിഞ്ഞിരുന്ന ആദിവാസികള്‍ക്ക് ഇനി ഭൂമിക്ക് അവകാശം. മൂന്നുപതിറ്റാണ്ടിനൊടുവില്‍ പീച്ചി താമരവെള്ളച്ചാല്‍ ആദിവാസി കോളനി നിവാസികള്‍ക്ക് കൈവശാവകാശ രേഖ കൈമാറി. ഗവ. ചീഫ് വിപ്പ് കെ രാജന്‍ ഊരിലെത്തിയാണ് രേഖകള്‍ കൈമാറിയത്. കൊവിഡ് കാലത്ത്ചടങ്ങുകള്‍ ഒഴിവായെങ്കിലും രേഖ ലഭിച്ചവരുടെ ആഹഌദം കാടാകെ പരന്നു.

2006ലെ കേന്ദ്ര വനാവകാശ നിയമപ്രകാരം ഭൂമിയുടെ അവകാശ രേഖയായ റെക്കോഡ് ഓഫ് റൈറ്റ്‌സ് ആദിവാസികള്‍ക്ക് കൈമാറാവുന്നതാണ്.

താമരവെള്ളച്ചാലില്‍ ആദിവാസികള്‍ കൈവശംവച്ചിരുന്ന ഭൂമിയുടെ അളവ് കൂടുതലാണെന്ന തര്‍ക്കംമൂലം രേഖ നല്‍കാനായിരുന്നില്ല. കൂടുതല്‍ മരങ്ങള്‍ ഭൂമിയില്‍ നിലനിന്നിരുന്നതും പ്രശ്‌നമായി. കെ രാജന്‍ എംഎല്‍എയും പാണഞ്ചേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വി അനിത, ജില്ലാ െ്രെടബല്‍ ഓഫീസര്‍ ഇ ആര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ മുന്‍കൈയെടുത്ത് തര്‍ക്കങ്ങള്‍ പരിഹരിച്ചാണ് വര്‍ഷങ്ങളായുളള ആവശ്യം പരിഹരിച്ചത്. ഇതോടെ ഈ വനമേഖലയില്‍ തടസങ്ങളില്ലാതെ കൃഷിയിറക്കാനാവും.

കോളനിയിലെ സുരേന്ദ്രന്‍, മുരളി, വേലായുധന്‍, സദാനന്ദന്‍, കേലന്‍, വളളിയമ്മ, അമ്മിണി, വാസു, തങ്കപ്പന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് ഭൂരേഖ കൈമാറിയത്. സര്‍ക്കാര്‍ ഭൂരേഖകള്‍ കൈമാറിയതില്‍ സന്തോഷമുണ്ടെന്ന് ഊരുമൂപ്പന്‍ മണിക്കുട്ടന്‍ പറഞ്ഞു. മുന്‍ കാലങ്ങളില്‍ ഒട്ടേറെ സമരങ്ങള്‍ നടത്തിയിരുന്നു. ഇതൊന്നുമില്ലാതെ രേഖ സര്‍ക്കാര്‍ കൈകളിലെത്തിച്ചതായും അദ്ദേഹം പറഞ്ഞു.

2005 ഡിസംബര്‍ 31ന് മുമ്പ് താമസിച്ച പട്ടികവര്‍ഗക്കാര്‍ക്കാണ് രേഖ ലഭിക്കാന്‍ അവകാശം.

Similar News